സ്വന്തം ലേഖകൻ: കുവൈത്തിലെ മംഗഫ് നാലിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും ആശ്വാസ ധനം പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകുമെന്നാണ് എം.എ. യൂസഫലി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി അറിയിച്ചു.
ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് രവി പിള്ള രണ്ട് ലക്ഷം രൂപ വീതമാണ് ആശ്വാസ ധനമായി നൽകുക. ഇരുവരും നോർക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങൾക്ക് നൽകുക.
കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. നേരത്തെ, മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ സഹായധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല