1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2024

സ്വന്തം ലേഖകൻ: 60 വയസ്സിനു മുകളിലുള്ളവര്‍ ആദ്യമായി ട്രാന്‍സ്ലിങ്ക് സ്മാര്‍ട്ട്പാസിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന് സ്റ്റോര്‍മോണ്ട് മന്ത്രി പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ വരുമാനം കണക്കിലെടുക്കാതെ പൊതു ബസുകളിലും ട്രെയിനുകളിലും സൗജന്യമായി യാത്ര ചെയ്യാന്‍ അര്‍ഹതയുണ്ട്, ഈ സംവിധാനം തുടരും. എന്നാല്‍ സ്മാര്‍ട്ട്പാസിനായി ആദ്യമായി അപേക്ഷിക്കുന്ന യാത്രക്കാരില്‍ നിന്ന് ‘നാമമാത്രമായ ഫീസ്’ ഉടന്‍ ഈടാക്കുമെന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ജോണ്‍ ഒഡൗഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

60-64 വയസ് പ്രായമുള്ള ആളുകള്‍ക്ക് ഒറ്റത്തവണ ഫീസ് ഏകദേശം 20 പൗണ്ട് ആയിരിക്കും. 65 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന യാത്രക്കാരില്‍ നിന്ന് ഏകദേശം 12 പൗണ്ട് അപേക്ഷാ ഫീസായി ഈടാക്കുമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് അറിയിച്ചു. സ്മാര്‍ട്ട്പാസ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് സീനിയര്‍ സ്മാര്‍ട്ട് പാസ് അയര്‍ലന്‍ഡ് ദ്വീപിലുടനീളം സൗജന്യ പൊതുഗതാഗതത്തിന് ഉപയോഗിക്കാവുന്നതാണ്. ബുദ്ധിമുട്ടുള്ള ബജറ്റ് സാഹചര്യങ്ങളില്‍ ‘ഇളവുള്ള നിരക്കുകള്‍ പരിരക്ഷിക്കുന്നതിന്’ വേണ്ടിയാണ് അപേക്ഷാ ഫീസ് കൊണ്ടുവരുന്നതെന്ന് ഒഡൗഡ് പറഞ്ഞു.

ഓട്ടം സീസണോടെ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ട സ്മാര്‍ട്ട്പാസുകള്‍ക്ക് അപേക്ഷാ ഫീസ് ബാധകമല്ലെന്ന് വകുപ്പ് സ്ഥിരീകരിച്ചു. ട്രാന്‍സ്ലിങ്കിന്റെ ഇളവുള്ള യാത്രാ നിയമങ്ങള്‍ മാറ്റണോ, വെട്ടിക്കുറയ്ക്കണോ, നീട്ടണോ എന്ന് ചോദിച്ച് കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന പൊതു പരിശോധനയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്. യാത്രക്കാര്‍ക്ക് സൗജന്യ ഗതാഗതത്തിന് അര്‍ഹതയുണ്ടോ, അതോ നിലവിലെ സംസ്ഥാന-പെന്‍ഷന്‍ പ്രായം 66 ആക്കി ഉയര്‍ത്തണമോ എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍.

60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് സൗജന്യ ബസ്, ട്രെയിന്‍ ടിക്കറ്റുകള്‍ നഷ്ടപ്പെടുമെന്ന നിര്‍ദ്ദേശത്തിനെതിരെ അക്കാലത്ത് പ്രതിഷേധം നടന്നിരുന്നു. ബജറ്റ് വിഹിതം ലഭിച്ചതിന് ശേഷം തന്റെ വകുപ്പിന് ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നുവെന്ന് പറഞ്ഞാണ് ഒഡൗഡ് പുതിയ അപേക്ഷാ ഫീസ് പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.