സ്വന്തം ലേഖകൻ: സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റെ വാർഷിക ഉച്ചകോടി ഇന്നലെ തെക്കുകിഴക്കൻ ഇറ്റലിയിലെ പുലിയയിൽ ആരംഭിച്ചു. യുക്രെയ്ൻ, ഗാസാ യുദ്ധങ്ങളായിരിക്കും മുഖ്യ ചർച്ചാവിഷയമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജി-7 കൂട്ടായ്മ അടച്ചുപൂട്ടിയ കോട്ടയല്ലെന്നും ലോകത്തിനു തുറന്നുകൊടുക്കേണ്ട ‘മൂല്യങ്ങളുടെ പെട്ടി’ ആണെന്നും അവർ കൂട്ടിച്ചേർത്തു.
യുഎസ്, ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് കൂട്ടായ്മയിലുള്ളത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കം എല്ലാ രാജ്യങ്ങളുടെയും ഭരണാധിപർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീലിയൻ പ്രസിഡന്റ് ലുലാ, തുർക്കി പ്രസിഡന്റ് എർദോഗൻ മുതലായവർ ക്ഷണിതാക്കളാണ്. മോദി ഇന്നായിരിക്കും പങ്കെടുക്കുക.
ഇറ്റലിയുടെ വികസനപദ്ധതികൾ ആഫ്രിക്കയിലേക്കു നീട്ടുന്നതിന്റെ ഭാഗമായി അൾജീരിയൻ പ്രസിഡന്റ് അബ്ദെൽമജീദ് ടെബോൺ, കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, ടുണീഷ്യൻ പ്രസിഡന്റ് കെയിസ് സെയ്ദ് തുടങ്ങിയവരെ ജോർജിയ മെലോണി ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നുള്ള സഹായം ഉച്ചകോടി പ്രത്യേകം ചർച്ച ചെയ്യും. മരവിപ്പിക്കപ്പെട്ട റഷ്യൻ ആസ്തികൾ ഈടുവച്ച് യുക്രെയ്ന് 5,000 കോടി ഡോളർ വായ്പ നല്‍കാനുള്ള പദ്ധതിയാണ് ഇതിലൊന്ന്.
യുഎസ് അവതരിപ്പിച്ച പദ്ധതി ജി-7 നേതാക്കൾ തത്വത്തിൽ അംഗീകരിച്ചുകഴിഞ്ഞു. സാങ്കേതികവും നിയമപരവുമായ തടസങ്ങൾ നീക്കുക മാത്രമാണ് അവശേഷിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി സുരക്ഷാ കരാർ ഒപ്പുവയ്ക്കും.
ഗാസാ വെടിനിർത്തലിനായി ബൈഡൻ മേയ് അവസാനം അവതരിപ്പിച്ച പദ്ധതി ജി-7 നേതാക്കൾ നേരത്തേ അംഗീകരിച്ചിരുന്നു. ബന്ദികളുടെ മോചനവും ഗാസയുടെ പുനരുദ്ധാരണവും വിഭാവനം ചെയ്യുന്ന പദ്ധതി യാഥാർഥ്യമാക്കാനായി യുഎസിന്റെ നേതൃത്വത്തിൽ പശ്ചിമേഷ്യയിൽ നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.
നിർമിതബുദ്ധി, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. ഇന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം നിർമിതബുദ്ധിയെക്കുറിച്ചായിരിക്കുമെന്നാണ് റിപ്പോർട്ട്. ജി-7 ഉച്ചകോടിയിൽ ഒരു മാർപാപ്പ പ്രസംഗിക്കുന്നത് ഇതാദ്യമാണ്. ശനിയാഴ്ചയാണ് ഉച്ചകോടി അവസാനിക്കുന്നത്.
ഇന്ന് ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും. രാവിലെ 11ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകോടി നടക്കുന്ന ഇറ്റലിയിലെ പുലിയയിൽ എത്തിച്ചേരുന്ന മാർപാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിക്കും.
തുടർന്ന് മാർപാപ്പ അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജിയേവ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം 2.15നാണ് മാർപാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല