1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2024

സ്വന്തം ലേഖകൻ: പുതിയതായി യോഗ്യത നേടിയെത്തുന്ന ജിപിമാര്‍ക്ക് നല്‍കാന്‍, അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ഇല്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്, പ്രൈമറി കെയര്‍ നാഷണല്‍ ഡയറക്ടര്‍ ഡോ. അമന്‍ഡ ഡോയ്ല്‍ പറയുന്നു. മാഞ്ചസ്റ്ററില്‍ നടക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ എക്സ്പോയില്‍ പ്രാഥമിക ചികിത്സാ രംഗത്തെ മികച്ച പ്രവര്‍ത്തന രീതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങള്‍ യോഗ്യത നേടിയെന്നും, ഈ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും, എന്നാല്‍ അതിനുള്ള അവസരങ്ങള്‍ ഇല്ലെന്നും പല യുവ ജിപിമാരും പറയുന്നത് കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ചിലയിടങ്ങളില്‍, ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ ഈ മേഖലയിലെ തൊഴില്‍ വിപണി നിര്‍ജ്ജീവമായെന്നും, വരുന്ന ഓഗസ്റ്റ് മാസത്തോടെ പുതുതായി യോഗ്യത നേടിയ ജി പിമാരില്‍ പലരും തൊഴില്‍ രഹിതരായേക്കും എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ് എന്‍എച്ച്എസ് ഡയറക്ടറുടെ പ്രസ്താവന വരുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി തൊഴില്‍ നേടാന്‍ ക്ലേശിക്കുന്ന ജിപിമാരുടെ കഥകള്‍ പള്‍സ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ജിപി അഥവ ജനറല്‍ പ്രാക്ടീസ്, ഒരുകാലത്ത് തൊഴിലാളി ക്ഷാമം അനുഭവിച്ചിരുന്ന മേഖലയായിരുന്നെങ്കില്‍, ഇന്നവിടെ തൊഴിലില്ലായ്മയാണ് പ്രകടമാകുന്നതെന്ന് ബിഎംഎ, ജിപി കമ്മിറ്റിയും പറഞ്ഞിരുന്നു.

അതേസമയം, ഈ രംഗത്തേക്ക് വരുന്ന പുതുതലമുറയുടെ മനോഭാവത്തിലെ മാറ്റവും ഡോയ്ല്‍ ചൂണ്ടിക്കാട്ടി. പരിശീലനം കഴിഞ്ഞ് എന്‍എച്ച്എസ് പാര്‍ട്ട്ണര്‍ ആയ താന്‍ 25 വര്‍ഷക്കാലം മറ്റൊരു ജോലിയെ കുറിച്ച് ചിന്തിക്കാതെ അവിടെ തന്നെ കഴിഞ്ഞു എന്ന അവര്‍ പറയുന്നു. എന്നാല്‍, പുത്തന്‍ തലമുറ അങ്ങനെ എവിടെയെങ്കിലും കെട്ടിയിടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ സ്വാതന്ത്ര്യവും തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും അവര്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ അവര്‍ താത്പര്യപ്പെടുന്നു.

അടുത്തിടെ പള്‍സ് ടുഡെ നടത്തിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞത് ജിപിമാരുടെ ഒഴിവ് കാട്ടിയുള്ള പരസ്യങ്ങള്‍ 2022 നേക്കാള്‍ 44 ശതമാനം കുറഞ്ഞു എന്നാണ്. ജീവനക്കാരെ എടുക്കുന്നതില്‍ എആര്‍ആര്‍എസ് കൈവരിച്ച വിജയം അടക്കം നിരവധി കാരണങ്ങളാണ് തൊഴില്‍ സാധ്യത കുറഞ്ഞതിനുള്ള കാരണമായി എന്‍ എച്ച് എസ് നിരത്തുന്നത്. ഇപ്പോള്‍, ഇടക്കൊക്കെ പ്രത്യക്ഷപ്പെടുന്ന, ജിപിമാരുടെ ഒഴിവ് അറിയിച്ചുകൊണ്ടുള്ള ഒരു പരസ്യത്തിന് 40ല്‍ അധികം അപേക്ഷ ലഭിക്കാറുണ്ട് എന്നത് തന്നെ ഈ രംഗത്ത് തൊഴിലില്ലായ്മ എത്ര രൂക്ഷമായിരിക്കുന്നു എന്നതിന്റെ തെളിവായി പള്‍സ് ടുഡെ ചൂണ്ടിക്കാണിക്കുന്നു.

ജിപിമാരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ബിഎംഎ ആവശ്യപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നികുതിയിളവുകളും നാഷണല്‍ ഇന്‍ഷുറന്‍സില്‍ വരുത്തിയ കുറവുമൊക്കെ കൂടുതല്‍ ജിപിമാരെ നിയമിക്കുന്നതിന് വിഘാതമായിട്ടുണ്ടെന്നും ബിഎംഎ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.