1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 14 ൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരം.

ഇവരിൽ ആരുടെയും നില ഗുരുതരമല്ല. നിലവിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റ 31 ഇന്ത്യക്കാരും ചികിത്സ തേടുന്നത്. ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ ജന്മനാട് 12 പേര്‍ക്കാണ് വിട നല്‍കിയത്.

മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും സംസ്കാരം ഇന്ന് നടക്കും. സാജന്‍റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ് ഇന്ന് നടക്കുന്നത്. മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. നിലവിൽ മൃതദേഹങ്ങൾ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരവും ഇന്ന് നടക്കും.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്‍റെ മൃതദേഹം രാവിലെ നാട്ടിലേക്ക് കൊണ്ടുവരും. കുറുവയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് നാട്ടിൽ നിന്നും ഇദ്ദേഹം തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പര്‍മാര്‍ക്കറ്റ സൂപ്പര്‍വൈസറായിരുന്നു അനീഷ്.

കുവൈത്തിൽ നിലവിൽ ചികിത്സയിലുള്ള മലയാളികളുടെ പേരുവിവരങ്ങൾ ചുവടെ.

1.സുരേഷ് കുമാർ നാരായണൻ – ഐസിയു – അൽ ജാബർ ഹോസ്പിറ്റൽ
2.നളിനാക്ഷൻ – വാർഡ്
3.സബീർ പണിക്കശേരി അമീർ – വാർഡ്
4.അലക്സ് ജേക്കബ് വണ്ടാനത്തുവയലിൽ -വാർഡ്
5.ജോയൽ ചക്കാലയിൽ – വാർഡ്
6.തോമസ് ചാക്കോ ജോസഫ് – വാർഡ്
7.അനന്ദു വിക്രമൻ – വാർഡ്
8.അനിൽ കുമാർ കൃഷ്ണസദനം – വാർഡ്
9.റോജൻ മടയിൽ – വാർഡ്
10.ഫൈസൽ മുഹമ്മദ് – വാർഡ്
11.ഗോപു പുതുക്കേരിൽ – വാർഡ്
12.റെജി ഐസക്ക്- വാർഡ്
13.അനിൽ മത്തായി- വാർഡ്
14.ശരത് മേപ്പറമ്പിൽ – വാർഡ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.