സ്വന്തം ലേഖകൻ: എമിറേറ്റിലെ പ്രമുഖ ഫ്രീസോണും ചരക്ക് വ്യാപാര സംരംഭങ്ങളുമായി ബന്ധപ്പെട്ട ദുബായ് സർക്കാറിന്റെ അതോറിറ്റിയുമായ ദുബായ് മൾട്ടി ലെവൽ കമ്മോഡിറ്റീസിന് (ഡി.എം.സി.സി) കഴിഞ്ഞ വർഷം 160 പുതിയ ഇന്ത്യൻ കമ്പനികളെ ആകർഷിക്കാനായതായി എക്സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലൈമാൻ അറിയിച്ചു.
ന്യൂഡൽഹിയിലും മുംബൈയിലുമായി നടന്ന ‘മെയ്ഡ് ഫോർ ട്രേഡ് ലൈവ് റോഡ് ഷോ’യുടെ സമാപനത്തിന് ശേഷം ദുബായിലേക്ക് ഇന്ത്യൻ ബിസിനസുകളെ ആകർഷിക്കുന്നതിനുള്ള മൂന്ന് ഫ്രീ സോണിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ 850 കോടി ഡോളറിന്റെ എണ്ണ ഇതര വ്യാപാര ഇടനാഴി നിർമിക്കാൻ ലക്ഷ്യമിടുന്ന ഡി.എം.സി.സി ഇന്ത്യൻ കമ്പനികൾക്ക് അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കാനും വളർച്ച അവസരങ്ങൾ തുറക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമായാണ് പ്രവർത്തിക്കുന്നത്. അതിനായി അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നുന്നതായും അഹമ്മദ് ബിൻ സുലൈമാൻ പറഞ്ഞു.
ഇന്ത്യയുമായുള്ള യു.എ.ഇയുടെ ഉഭയകക്ഷി വ്യാപാരം സമീപ വർഷങ്ങളിൽ ത്വരിതഗതിയിൽ മുന്നേറുകയാണ്. 2023ൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നടപ്പാക്കിയതിനുശേഷം 16 ശതമാനമാണ് ഇന്ത്യൻ കമ്പനികളുടെ വളർച്ച. അതോടൊപ്പം 24,000 അംഗങ്ങളുള്ള ഡി.എം.സി.സിയിൽ 16 ശതമാനം അതായത് 3,888 എണ്ണം ഇന്ത്യൻ കമ്പനികളാണ്.
ദുബായ് ഫ്രീസോണിൽ ഇന്ത്യൻ കമ്പനികളുടെ വളർച്ച പ്രതിഫലിക്കുന്നതാണീ കണക്കുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിൽ സെപ കരാർ നിലവിൽ വന്നതോടെ രത്നങ്ങൾ, സ്വർണാഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഊർജം എന്നിവ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങളുടെയും തീരുവ ഇല്ലാതാക്കിയിട്ടുണ്ട്. ഇത് ഇന്ത്യൻ കമ്പനികളുടെ വാണിജ്യ, നിക്ഷേപ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചതിനോടൊപ്പം ഡി.എം.സി.സിയിൽ 160ലധികം പുതിയ ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്നതിലേക്കും വഴിവെച്ചു.
ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1000 കോടി ഡോളർ മറികടക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇ-ഇന്ത്യ വാണിജ്യ ഇടനാഴി പ്രാദേശികമായ വ്യാപാരത്തെയും നിക്ഷേപങ്ങളേയും പുരോഗതിയിലേക്ക് നയിക്കുന്നതിനൊപ്പം പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഫ്രീസോണിൽ നടന്ന റോഡ് ഷോയിൽ വിവിധ മേഖലകളിൽ നിന്നായി 200ലധികം ഇന്ത്യൻ വ്യവസായ പ്രമുഖരാണ് പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല