സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി, ലേബര്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരിക്കുന്ന റിയല്‍ ലിവിംഗ് വേജ് വര്‍ധനവ് പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയാക്കുമെന്ന് പ്രമുഖ ബാങ്ക് ആയ എച്ച്എസ്ബിസി.തൊഴില്‍ ക്ഷാമത്തോടൊപ്പം മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ ഉയരുന്ന അവസ്ഥയും ഇത്മെ മൂലമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ നല്കിയ മുന്നറിയിപ്പില്‍, കീര്‍ സ്റ്റാര്‍മര്‍ ഏറ്റവും പ്രാധാന്യം നല്കി എടുത്തു കാണിക്കുന്ന ഈ നയം പണപ്പെരുപ്പത്തിനും കാരണമായേക്കാം എന്ന് പറയുന്നു.
എന്നാല്‍, ഡയ്ലി എക്സ്പ്രസ്സ് സംഘടിപ്പിച്ച ലൈവ് മാധ്യമ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി പ്രതിനിധി വ്യക്തമായ ഒരു മറുപടി നല്‍കിയില്ല എന്നതും ശ്രദ്ധേയമായി. ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ പേമാസ്റ്റര്‍ ജനറല്‍ ജോനാഥന് ആഷ്വര്‍ത്ത് ആ ചോദ്യം അവഗണിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. അധികാരത്തിലേറി ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തൊഴിലാളികള്‍ക്കുള്ള ഈ പുതിയ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനമാണ് എച്ച് എസ് ബി സിയെ ഇത്തരത്തിലൊരു മുന്നറിയിപ്പിന് പ്രേരിപ്പിച്ചത്.
നിലവിലെ മിനിമം വേജ് മാറ്റി പകരം യതാര്‍ത്ഥ ജീവിത ചെലവ് പ്രതിഫലിക്കുന്ന ജനുവിന് ലിവിംഗ് വേജ് കൊണ്ടുവരുമെന്നാണ് ലേബര്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരിക്കുന്നത്. എന്നാല്‍, പണപ്പെരുപ്പവുമായി പൊരുത്തപ്പെടാത്ത വിധത്തില്‍ മിനിമം വേജ് വര്‍ദ്ധിപ്പിക്കുന്നത് സാമ്പത്തിക രംഗത്ത് വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഇത് പ്രാബല്യത്തില്‍ വന്നാല്‍, ഒരുപക്ഷെ വിലക്കയറ്റം വീണ്ടും കുത്തനെ ഉയര്‍ന്നേക്കാം.
ഏപ്രില്‍ മുതല്‍ മിനിമം വേതനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് വരുത്തിയിരുന്നു. മണിക്കൂറില്‍ 10.42 പൗണ്ട് ആയിരുന്ന മിനിമം വേതനം 11.44 പൗണ്ട് ആക്കീയാണ് ഉയര്‍ത്തിയത്. അതായത് 20 ശതമാനത്തിന്റെ വര്‍ദ്ധനവ്. വീണ്ടും വേതനം ഉയര്‍ത്തിയാല്‍ അത് അടുത്തവര്‍ഷം, ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് അതിയായി വര്‍ദ്ധിപ്പിക്കും. 2022 ല്‍ 11.1 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പം നിലവിലെ 2.3 ശതമാനത്തിലെത്തിക്കാന്‍ സുനക് സര്‍ക്കാര്‍ ചെയ്ത നല്ല നടപടികള്‍ക്കെല്ലാം പ്രയോജനമില്ലാതെയാകും എന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
വേതനം വര്‍ദ്ധിപ്പിക്കുന്നത് സ്വാഭാവികമായും സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവുകളെ ഉയര്‍ത്തും. ഇതോടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും. ഇത് തൊഴിലില്ലായ്മ കൂട്ടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല