സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി കുടിയേറ്റ മാറിയ പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 52 ശതമാനം പേര്‍ പറയുന്നത് ലേബര്‍ പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങളില്‍ വിശ്വാസമില്ലെന്നാണ്. സമാനമായ കാര്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കുറിച്ച് 49 ശതമാനം പേരും പറയുന്നു. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാക്കിയത് വെറുതെയല്ല എന്നത് അടിവരയിട്ട് പറയുന്നതാണ് സര്‍വ്വേഫലത്തിന്റെ മറ്റൊരു ഭാഗം.
യുകെയില്‍ ആകെ 43 ശതമാനം പേരാണ് കുടിയേറ്റം വിപരീതഫലമുണ്ടാക്കി എന്ന് കരുതുന്നവര്‍. അതേസമയം, 35 ശതമാനം പേര്‍ കുടിയേറ്റം ബ്രിട്ടന് സഹായകരമാണെന്നും പറയുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചതെങ്കിലും, ലണ്ടനിലെയും സ്‌കോട്ട്‌ലാന്‍ഡിലെയും ജനങ്ങള്‍ മാത്രമാണ് കുടിയേറ്റം കൊണ്ട് പ്രയോജനമുണ്ടായതായി സമ്മതിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബാക്കിയുള്ളിടങ്ങളില്‍ കുടിയേറ്റ വിരുദ്ധ വികാരം നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നു എന്നാണ് ഇത് കാണിക്കുന്നത്.
അതുപോലെ വിവിധ പ്രായക്കാര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളാണ്. 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവ തലമുറയിലെ 54 ശതമാനം പേര്‍ കുടിയേറ്റം ബ്രിട്ടന് പ്രയോജനം ചെയ്തു എന്ന് ചിന്തിക്കുമ്പോള്‍, 65 ഉം അതിന് മുകളിലും പ്രായമുള്ളവരില്‍ 58 ശതമാനം പേര്‍ ചിന്തിക്കുന്നത് കുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തില്‍ വിപരീത ഫലം ഉണ്ടാക്കി എന്നാണ്. അതുപോലെ, കുടിയേറ്റം സമ്പദ്ഘടനയില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്.
39 ശതമാനം പേര്‍ കുടിയേറ്റം സമ്പദ്ഘടനയ്ക്ക് ഗുണകരമായി എന്ന് ചിന്തിക്കുമ്പോള്‍, 37 ശതമാനം പേര്‍ ചിന്തിക്കുന്നത് കുടിയേറ്റം സമ്പദ്ഘടനയില്‍ വിപരീതഫലം ഉണ്ടാക്കി എന്നാണ്. അതേസമയം, ഈ ചിന്തകളില്‍ സ്ത്രീ പുരുഷ വിവേചനവും പ്രകടമായി എന്നതാണ് മറ്റൊരു സവിശേഷത. 34 ശതമാനം സ്ത്രീകള്‍ കുടിയേറ്റം അനുകൂലഫലമുണ്ടാക്കി എന്ന് പറഞ്ഞപ്പോള്‍ 43 ശതമാനം പുരുഷന്മാരാണ് ഈ അഭിപ്രായമുള്ളവര്‍.
കുടിയേറ്റം നിയന്ത്രിക്കുന്നത് ഹൗസിംഗ് മേഖലയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുമ്പോഴും, എന്‍ എച്ച് എസ്സ്, അതിഥിസത്കാര മേഖല, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ കുടിയേറ്റ നയങ്ങളിലും ആളുകള്‍ക്ക് വ്യത്യസ്റ്റ്ത അഭിപ്രയങ്ങളാണുള്ളത്.
52 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിയുടെ നയങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തുമ്പോള്‍ 49 ശതമാനം പേരാണ് കുടിയേറ്റ വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ അവിശ്വാസം രേഖപ്പെടുത്തിയത്. കുടിയേറ്റത്തെ കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ നയം വ്യക്തമാക്കുന്നത് റിഫോം യു കെ പാര്‍ട്ടി മാത്രമാണെന്നാണ് 60 ശതമാനം പേരും പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല