1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2024

സ്വന്തം ലേഖകൻ: യുകെയിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുനൂറോളം പേരിൽ നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ റിക്രൂട്ടിങ് ഏജൻസി ഉടമയെ തൊടുപുഴ പൊലീസ് ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ നിന്നു പിടികൂടി. തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന കൊളംബസ് ജോബ് ആൻഡ് എജ്യുക്കേഷൻ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദർഭത്തൊട്ടി വേളംപറമ്പിൽ ജോബി ജോസ് (28) ആണു പിടിയിലായത്.

2022ൽ തൊടുപുഴയിൽ തുടങ്ങിയ സ്ഥാപനം വഴി യുകെയിൽ ബുച്ചർ, കെയർടേക്കർ എന്നീ ജോലികൾക്കു ഭാര്യയ്ക്കും ഭർത്താവിനും വീസ നൽകാമെന്നു സമൂഹമാധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് ഇയാൾ ഉദ്യോഗാർഥികളെ ആകർഷിച്ചത്. ഈ തസ്തികകളിൽ 600 ഒഴിവുകൾ യുകെയിലുണ്ടെന്നു വിശ്വസിപ്പിച്ച് 3–12 ലക്ഷം രൂപ വരെയാണു പ്രതി ഓരോരുത്തരിൽ നിന്ന് ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു. ഏറെ നാൾ കഴിഞ്ഞിട്ടും വീസ ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് ഉദ്യോഗാർഥികൾ പൊലീസിൽ പരാതി നൽകി. തൊടുപുഴയിലെ സ്ഥാപനത്തിൽ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും അടച്ചു പൂട്ടിയിരുന്നു. ആദ്യം വന്ന പരാതികളിൽ ചിലത് ഇയാൾ പണം തിരികെ നൽകി ഒതുക്കിത്തീർത്തു.

എന്നാൽ മറ്റു ജില്ലകളിൽ നിന്നും വ്യാപകമായി പരാതികൾ വന്നതോടെ ജോബി ഒളിവിൽ പോയി. തുടർന്ന് ഇയാൾ വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞ് ഏപ്രിലിൽ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദേശപ്രകാരം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനിടെ ഗോവ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് വഴി ജോബി നേപ്പാളിലേക്കു കടന്നിരുന്നു.

കഴിഞ്ഞ ദിവസം നേപ്പാളിൽ നിന്നു തിരികെ ഇന്ത്യയിലേക്കു കടക്കാനായി അതിർത്തിയായ യുപിയിലെ സൊനൗലിയിലെത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നു വിവരം അറിയിച്ചതനുസരിച്ചു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്ഐ ഹരീഷ്, എസ്ഐ നജീബ്, എഎസ്ഐ വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച തൊടുപുഴയിലെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.