സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നേതാക്കളുടെ ഭാര്യമാരും ഇറങ്ങിയിരിക്കുകയാണ്, എലി ആന്‍ഡ് ഈസ്റ്റ് കേംബ്രിഡ്ജ്ഷയര്‍ നിയോജകമണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലൂസി ഫ്രേസര്‍ക്ക് വേണ്ടി വോട്ട് പിടിക്കാനാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്‌നി അക്ഷത മൂര്‍ത്തി, ചാന്‍സലര്‍ ജെറെമി ഹണ്ടിന്റെ പത്‌നി ലൂസിയ ഹണ്ട്, ഹോം സെക്രട്ടറി ജെയിംസ് ക്ലവര്‍ലിയുടെ പത്‌നി സൂസി ക്ലെവര്‍ലി എന്നിവര്‍ രംഗത്ത് ഇറങ്ങിയത്. ഫോര്‍ഡാമിലെ നിരത്തുകളിലൂടെ നടന്ന് ഇവര്‍ ഓരോരോ വീടുകളിലും കയറിയിറങ്ങി താമസക്കാരുമായി നേരിട്ട് സംവേദിച്ചു. ഒപ്പം ടോറി പാര്‍ട്ടിയുടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
പ്രദേശവാസികളുമായി തമാശകള്‍ പറഞ്ഞും, അവര്‍ക്കൊപ്പം സെല്‍ഫികള്‍ക്ക് പോസ് ചെയ്തുമായിരുന്നു മന്ത്രി പത്‌നിമാരുടെ വോട്ടുപിടുത്തം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പവും സമയം ചെലവഴിക്കാന്‍ അവര്‍ മറന്നില്ല. സാധാരണ നിലയില്‍ ജീന്‍സ് ധരിച്ചായിരുന്നു മന്ത്രിപത്‌നിമാരുടെ സംഘം പ്രചാരണത്തിനിറങ്ങിയത്. തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പാര്‍ട്ടിക്ക് വോട്ട് ഉറപ്പാക്കുന്നതിനായി അവര്‍ ഏറെ ശ്രമിക്കുന്നുണ്ടായിരുന്നു.
ഔദ്യോഗിക ചടങ്ങുകളില്‍ വിരളമായി മാത്രമെ സൂസി ക്ലെവര്‍ലിയും ലൂസിയ ഹണ്ടും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ളു. എന്നാല്‍, അക്ഷത, ഒട്ടുമിക്ക സര്‍ക്കാര്‍ പരിപാടികളിലും ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. തെളിഞ്ഞ കാലാവസ്ഥയില്‍ തികഞ്ഞ ഉന്മേഷത്തോടെയായിരുന്നു അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ, എങ്ങനെയും ഭരണത്തില്‍ തിരിച്ചു വരാന്‍ ടോറികള്‍ ഏറെ ക്ലേശിക്കുന്നു എന്നതിന്റെ സൂചനയായിട്ടാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ മന്ത്രിപത്‌നിമാരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കാണുന്നത്.
ഏറ്റവും ഒടുവില്‍ ഇപ്സോസ് നടത്തിയ അഭിപ്രായ സര്‍വ്വേഫലത്തില്‍ പറയുന്നത് ലേബര്‍ പാര്‍ട്ടി 453 സീറ്റുകള്‍ നേടുമെന്നും കണ്‍സര്‍വേറ്റീവുകള്‍ 115 സീറ്റില്‍ ഒതുക്കപ്പെടും എന്നുമാണ്. ഇത് സംഭവിച്ചാല്‍, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും കണ്‍സര്‍വേറ്റീവുകള്‍ നേരിടുക. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 38 സീറ്റുകളും, സ്‌കോട്ടിഷ് നാഷണലിസ്റ്റ് പര്‍ട്ടിക്ക് 15 സീറ്റുകളും, ഗ്രീന്‍ പാര്‍ട്ടിക്കും, റിഫോം യു. കെയ്ക്കും മൂന്ന് സീറ്റുകള്‍ വീതവും നേടാനാവുമെന്നും സര്‍വ്വേഫലം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല