സ്വന്തം ലേഖകൻ: കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ നിന്ന് ജലജന്യ രോഗത്തെ തുടർന്ന് 22 പേർ കൂടി ചികിത്സ തേടി. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഡി.എം.ഒ നിയോഗിച്ച സംഘത്തിന് മുന്നിലാണ് ഫ്ലാറ്റ് നിവാസികൾ ചികിത്സ തേടിയിരിക്കുന്നത്. ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനക്ക് അയച്ച് ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തോളമായി ഉണ്ടായ ജലജന്യരോഗത്തെ തുടർന്ന് 490 ഓളം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ഇതിന് പിന്നാലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഡി.എം.ഒ നിയോഗിച്ച പ്രത്യേക ആരോഗ്യ സംഘത്തിന് മുന്നിലാണ് കഴിഞ്ഞ ദിവസം 22 പേർ കൂടി ചികിത്സ തേടിയെത്തിയത്. വയറിളക്കവും ഛര്‍ദിലുമായാണ് ഇപ്പോഴും ആളുകൾ ചികിത്സ തേടിയിരിക്കുന്നത്. എന്നാൽ ആരുടേയും നില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്.
അതിനാല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വരുന്നു. വെള്ളിയാഴ്ച മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ്‌ളാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഫ്ലാറ്റിൽ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്‌ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കി. 4095 നിവാസികളാണ് 15 ടവറുകളിലായി ഫ്‌ളാറ്റില്‍ താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല