സ്വന്തം ലേഖകൻ: കുവൈത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പൗരന്മാരും താമസക്കാരുമായ ജീവനക്കാരുടെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും സാധുതയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ അദ്വാനിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ലാമിയ അല്‍ മുല്‍ഹിമിന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി നിലവില്‍ വന്നത്. സിവില്‍ സര്‍വീസ് ബ്യൂറോയിലെ സ്‌കോളര്‍ഷിപ്പുകള്‍ക്കും സ്റ്റഡി ലീവ് കാര്യങ്ങള്‍ക്കുമായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി നര്‍ജിസ് യഹ്യ, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെന്റ് ഡെപ്യൂട്ടി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ റബാബ് അല്‍ ഉസൈമി എന്നിവരും കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു.
ജീവനക്കാരായ പൗരന്മാരുടെയും താമസക്കാരുടെയും 2000 വര്‍ഷം മുതലുള്ള എല്ലാ അക്കാദമിക് ബിരുദങ്ങളും കുവൈത്തിന് പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള പോസ്റ്റ് സെക്കന്‍ഡറി അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും കമ്മിറ്റി പരിശോധിക്കും. അതോടൊപ്പം ഈ സര്‍ട്ടിഫിക്കറ്റും കുവൈത്തിലെ അംഗീകൃത തത്വങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതാണോ എന്നും ഇവ ആധികാരികമാണോ എന്നും കമ്മിറ്റി അന്വേഷിച്ച് കണ്ടെത്തും. ആറു മാസമാണ് കമ്മിറ്റിയുടെ കാലാവധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല