സ്വന്തം ലേഖകൻ: കൊമേഴ്‌സ്യല്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കും ഇതിനായി പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാണെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് മുന്നറിയിപ്പ് നല്‍കി.
നിര്‍ദ്ദിഷ്ട ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജൂലൈ മുതല്‍, പിഴ ചുമത്തും. ചില കേസുകളില്‍ പിഴ 10,000 ദിര്‍ഹം വരെ ഉയര്‍ന്നേക്കാമെന്നും ഇത്തരം കമ്പനികള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഔദ്യോഗിക ‘താം’ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തില്‍ ലൈസന്‍സ് എടുക്കാവുന്നതാണ്. പ്ലാറ്റ്‌ഫോം ഓപ്പണ്‍ ചെയ്ത് ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് സര്‍വീസസ്’ എന്നതില്‍ പ്രവേശിച്ച് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാം.
രാജ്യത്തിന് പുറത്തുള്ള വിദേശികള്‍ക്ക് എമിറേറ്റ്സ് ഐഡി കാര്‍ഡോ ഏകീകൃത നമ്പറോ ഉണ്ടെങ്കില്‍ ലൈസന്‍സ് നേടാമെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കമ്പനികള്‍ക്കും തീരുമാനം ബാധകമാണ്. നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ അനുമതിയുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സര്‍ക്കാര്‍ ലൈസന്‍സ് നേടേണ്ടതുണ്ടെന്നും വകുപ്പ് സ്ഥിരീകരിച്ചു.
നേരത്തെ, എമിറേറ്റിലെ എല്ലാ ലൈസന്‍സുള്ള ബിസിനസുകള്‍ക്കും സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നവരുമായുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുസരിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം, അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ 3,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുകയോ ചെയ്യുമെന്ന് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല