സ്വന്തം ലേഖകൻ: യുകെ വെയിൽസിലെ കാര്‍ഡിഫിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയായ മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് ഇന്നലെ വൈകിട്ട് മരിച്ചത്. മേയ് 3ന് നടന്ന അപകടത്തിൽ ഹെൽന ഉൾപ്പടെ ഉള്ളവർ സഞ്ചരിച്ചിരുന്ന കാറിലെ നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായി പരുക്കേൽക്കുകയും അവരില്‍ ഹെല്‍ന ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിൽ തുടരുകയുമായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാർഥനകള്‍ക്കിടെയാണ് മരണം.
2024 ഏപ്രിലിലാണ് ഹെല്‍ന നഴ്സിങ് പഠനത്തിന് കാർഡിഫിൽ എത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മകളുടെ അപകടവാര്‍ത്ത അറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി സിബിച്ചന് പാറത്താനം (റിട്ടയേര്‍ഡ് എസ്ഐ, കേരള പോലീസ്), സിന്ധു എന്നിവരാണ് മാതാപിതാക്കൾ. ദീപു, ദിനു എന്നിവരാണ് സഹോദരങ്ങൾ.
യുകെയിലെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍നയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സൗത്ത് വെയില്‍സ്, കാര്‍ഡിഫ്, ബാരി എന്നിവിടങ്ങളിലെ മലയാളി അസോസിയേഷനുകളും യുക്മ നാഷണല്‍ കമ്മിറ്റിയും ഹെൽനയുടെ അകാല വേർപാടിൽ അനുശോചനം അറിയിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലം ഗുരുതരാവസ്ഥയിൽ ആയിരുന്ന ഹെല്നയെ പരിചരിച്ച ആശുപത്രി ജീവനക്കാർക്ക് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല