സ്വന്തം ലേഖകൻ: ഉപരോധം ഏർപ്പെടുത്തിയ പാശ്ചാത്യരാജ്യങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത വിധം സുരക്ഷാ-വ്യാപാരബന്ധം അരക്കിട്ടുറപ്പിക്കുക, യുക്രൈനുമായുള്ള യുദ്ധത്തിൽ സൈനിക-സാങ്കേതിക സഹകരണം സുദൃഢമാക്കുക. 24 വർഷത്തെ ഭരണത്തിനിടെ ഇതാദ്യമായി ഉത്തര കൊറിയൻ മണ്ണിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പറന്നിറങ്ങിയത് ചെറിയ ലക്ഷ്യങ്ങളോടെയല്ല.
തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത് ബഹുധ്രുവ ലോകം കെട്ടിപ്പടുക്കുമെന്ന ആഹ്വാനത്തോടെയാണ്. യുക്രൈനുമേലുള്ള അധിനിവേശത്തോടെ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യയും ആണവായുധങ്ങളുടെ പരീക്ഷണങ്ങളുടെ പേരിൽ ഉപരോധം നേരിടുന്ന ഉത്തരകൊറിയയും ഒന്നിച്ചുനിൽക്കുമ്പോൾ അത് ഗൗരവതരമായാണ് രാജ്യങ്ങൾ ഉറ്റുനോക്കുന്നതും.
തെരുവുകളാകെ നിറഞ്ഞ റഷ്യയുടെയും ഉത്തര കൊറിയയുടെയും പതാകകൾ, വെൽകം പുതിൻ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പാതയോരത്ത് ഇടംപിടിച്ച ആയിരക്കണക്കിനുപേർ, വിമാനത്താവളം മുതൽ നീട്ടിവിരിച്ച ചുവന്ന പരവതാനി. തലസ്ഥാനമായ പോങ്യാങ്ങിലെത്തിയ പുതിന് ഉത്തര കൊറിയൻ ചെയർമാൻ കിം ജോങ് ഉൻ നൽകിയത് അത്യോഷ്മളമായ സ്വീകരണമായിരുന്നു.
കൊറിയൻ ജനതയുടെ ഉറ്റമിത്രമെന്നായിരുന്നു പുതിന് കിം നൽകിയ വിശേഷണം. റഷ്യയ്ക്കുനേരെ നീളുന്ന അമേരിക്കൻ സാമ്രാജിക ശക്തികളുടെ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ, യുക്രൈനെതിരായുള്ള യുദ്ധത്തിൽ, ഐക്യപ്പെട്ട ഉത്തര കൊറിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പുതിൻ സംസാരിച്ചു തുടങ്ങിയത്.
എന്നാൽ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പാശ്ചാത്യരാജ്യങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത തരത്തിലുള്ള സുരക്ഷാ-വാണിജ്യബന്ധം ഉത്തര കൊറിയയുമായുണ്ടാക്കുമെന്നും യു.എസിന്റെയും സഖ്യകക്ഷികളുടെയും ഭീഷണികളെ നേരിടാനും രാജ്യതാത്പര്യം സംരക്ഷിക്കാനും ഒന്നിച്ചു നിൽക്കുമെന്നും പുതിൻ കിമ്മിനെ കത്തയച്ച് അറിയിച്ചിരുന്നു.
സുരക്ഷാ, വാണിജ്യം, നിക്ഷേപം തുടങ്ങി എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കുന്നതാണ് റഷ്യയും ഉത്തര കൊറിയയും ഒപ്പിട്ട ഉടമ്പടി. തങ്ങളിലേതെങ്കിലും കക്ഷി ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ നിരുപാധികം സൈനിക-സായുധ പിന്തുണ നൽകണമെന്നും കരാർ വ്യക്തമാക്കുന്നു. ചികിത്സ, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രം എന്നീ രംഗങ്ങളിലെ സഹകരണത്തിനുള്ള കരാറുകളിലും ഇരുനേതാക്കളും ഒപ്പിട്ടിട്ടുണ്ട്.
ഉത്തര കൊറിയയുമായി സൈനിക-സാങ്കേതിക സഹകരണം തള്ളിക്കളയാനാകില്ലെന്നായിരുന്നു കരാറൊപ്പിട്ട ശേഷമുള്ള പുതിൻ്റെ പ്രതികരണം. പാശ്ചാത്യരാജ്യങ്ങളുടെ ഭീഷണി ഒരുവിധത്തിലും സഹിക്കില്ലെന്നും ഉത്തര കൊറിയയ്ക്കുമേൽ യു.എൻ. ഏർപ്പെടുത്തിയ ഉപരോധം പരിശോധിക്കണമെന്നും പുതിൻ അഭിപ്രായപ്പെട്ടു.
തങ്ങളിൽ ഏതെങ്കിലും ഒരു കക്ഷിക്കുനേരേ ആക്രമണമുണ്ടായാൽ ഒന്നിച്ചു ചെറുക്കാനുള്ള ധാരണയും ഉടമ്പടിയിലുണ്ടെന്ന് ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പുതിൻ പറഞ്ഞു. ചികിത്സ, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രം എന്നീ രംഗങ്ങളിലെ സഹകരണത്തിനുള്ള കരാറുകളിലും ഇരുനേതാക്കളും ഒപ്പിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല