സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവുംകൂടുതൽ വിദേശനിക്ഷേപമെത്തിയ രണ്ടാമത്തെ രാജ്യമായി യു.എ.ഇ. യു.എൻ. ട്രേഡ് ആൻഡ് ഡിവലപ്മെന്റ് പ്രസിദ്ധീകരിച്ച വേൾഡ് ഇൻവെസ്റ്റ്മെന്റ് റിപ്പോർട്ടുപ്രകാരം കഴിഞ്ഞവർഷം 30.68 ബില്യൺ ഡോളർ നിക്ഷേപം യു.എ.ഇ.യിലെത്തി. മുൻവർഷത്തേക്കാൾ 35 ശതമാനം വളർച്ചരേഖപ്പെടുത്തി. 2022-ൽ 22.7 ബില്യൺ ഡോളറാണ് എത്തിയത്.
യു.എൻ. റിപ്പോർട്ട് പ്രകാരം നിക്ഷേപ സൗഹൃദ നയങ്ങൾ ഉപയോഗിച്ച് രാജ്യം ബിസിനസ് വർധിപ്പിക്കുന്നത് തുടരുകയാണ്. 2031-ൽ 150 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. 2051-ഓടെ ഒരു ട്രില്യൺ ദിർഹത്തിലെത്താനും ലക്ഷ്യമിടുന്നുണ്ട്.
കമ്പനികളുടെ 100 ശതമാനം വിദേശ ഉടമസ്ഥത, വീസ നിയന്ത്രണങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾ എന്നിവയുൾപ്പെടെ സർക്കാരിന്റെ പുതിയ സംരംഭങ്ങളെല്ലാം ആഗോള കമ്പനികളെ യു.എ.ഇ.യിലേക്ക് ആകർഷിക്കുകയും നിക്ഷേപമിറക്കാൻ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.
കൂടാതെ രാജ്യത്തിന്റെ സമഗ്ര സാമ്പത്തികപങ്കാളിത്ത കരാറുകൾ ഉഭയകക്ഷിനിക്ഷേപം വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് യു.എ.ഇ.യിലേത്. അതേസമയം യു.എസ്. ആണ് ലോകത്ത് ഏറ്റവുംകൂടുതൽ വിദേശനിക്ഷേപമുള്ള ഒന്നാമത്തെ രാജ്യം. യു.കെ., ഇന്ത്യ, ജർമനി എന്നിവയും ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല