സ്വന്തം ലേഖകൻ: ചൂട് പാരമ്യത്തിലേക്ക് എത്തുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി 49.9 ഡിഗ്രി സെൽഷ്യസ് ഇന്നലെ അൽ ദഫ്ര മേഖലയിലെ മെസയ്റയിൽ രേഖപ്പെടുത്തി. അന്തരീക്ഷ ഊഷ്മാവ് 90 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്നലെ പകലിന്റെ ദൈർഘ്യം 14 മണിക്കൂർ നീണ്ടു നിന്നു. അടുത്ത മാസമാകുമ്പോഴേക്കും ചൂട് വീണ്ടും കൂടുമെന്നാണ് കരുതുന്നത്. അന്തരീക്ഷ ഊഷ്മാവിലും വർധനയുണ്ടാകും.
വേനൽക്കാലത്തെ തീപിടിത്തം വാഹനങ്ങൾക്ക് വേണം സമഗ്ര ഇൻഷുറൻസ്
കടുത്ത ചൂടിൽ വാഹനങ്ങൾ തീപിടിച്ച് നശിച്ചാൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ ശാമിൽ ഇൻഷുറൻസ് (സമഗ്ര കവറേജ്) നിർബന്ധം. മഴ, പ്രളയം, കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലാണ് അഗ്നിബാധയും ഉൾപ്പെടുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ഉഷ്ണകാലത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സമഗ്ര ഇൻഷുറൻസിന്റെ പ്രാധാന്യം കമ്പനികൾ ഓർമിപ്പിക്കുന്നത്. വേനൽക്കാലത്തെ തീപിടിത്തങ്ങളിൽ നിന്നു വാഹനങ്ങളെ സംരക്ഷിക്കാൻ ഇലക്ട്രിക് വയറുകളും ബാറ്ററിയും നിരന്തരം പരിശോധിക്കണം. ഇത്തരം അപകടങ്ങളിൽ വാഹനം കത്തുന്നതിനു പുറമെ ജീവൻ നഷ്ടപ്പെടാതിരിക്കാനും ഈ പരിശോധനകൾ നിർബന്ധമാണ്.
റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്, ഉള്ളിലെ ഇന്ധന, ഓയിൽ പൈപ്പുകൾ കാര്യക്ഷമമല്ലാതിരിക്കുക എന്നിവയെല്ലാം തീ പിടിത്തത്തിനു കാരണമാണ്. നിലവിലുള്ള ഇൻഷുറൻസ് പോളിസി മാറ്റി തീ പിടിത്തത്തിനെതിരെ പരിരക്ഷ ലഭിക്കുന്നതിലേക്ക് മാറുന്നത് അടുത്ത കാലത്തായി വർധിച്ചെന്നും കമ്പനികൾ പറയുന്നു.
വേനൽക്കാല അപകടസാധ്യത മുന്നിൽ കണ്ടാണിത്. തീപിടിത്തം മാത്രമല്ല വാഹനം വെള്ളത്തിൽ മുങ്ങി തകരാറിലായാലും സമഗ്ര പാക്കേജിൽ പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് കമ്പനികളുടെ അംഗീകാരമുള്ള വർക് ഷോപ്പുകളിൽ നിന്നാകണം അറ്റകുറ്റപ്പണി. എല്ലാ പ്രകൃതി ദുരന്തങ്ങളെയും ഏകീകരിച്ച് നഷ്ടപരിഹാരം വാഹന ഉടമയ്ക്ക് ലഭിക്കുന്നതാണ് ശാമിൽ ഇൻഷുറൻസ് പോളിസി. അധികൃതരിൽ നിന്ന് ലഭിക്കുന്ന അപകട റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും നഷ്ടപരിഹാരം ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല