സ്വന്തം ലേഖകൻ: അടുത്ത അഞ്ച് ദിവസത്തേക്ക് ഇംഗ്ലണ്ടിലെ അന്തരീക്ഷത്തില്‍, അമിതമായ തോതില്‍ പരാഗരേണുക്കള്‍ വ്യാപിച്ചേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്കുന്നു. വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് സംഭവിച്ചേക്കാം. തിങ്കളാഴ്ച ആകുമ്പോഴേക്കും സ്കോട്ട്ലാന്‍ഡിന്റെ വടക്കെ അറ്റത്തുള്ള പ്രദേശങ്ങളിലും പരാഗരേണുക്കള്‍ വാപിക്കും. അതുകൊണ്ടു തന്നെ വരുന്ന ആഴ്ച ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആസ്ത്മ + ലംഗ് യു കെ യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആസ്ത്മ ബാധിതരില്‍ 47 ശതമാനം പേരുടെ നില ഗുരുതരമാക്കാന്‍ ഈ പരാഗരേണുക്കള്‍ കാരണമാകുമെന്നാണ് അവര്‍ പറയുന്നത്. അതുപോലെ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പി ഡി) ഉള്ളവരില്‍ 27 ശതമാനം പേരിലും ഇത് രോഗം ഗുരുതരമാകാന്‍ കാരണമാകും. ചുമ, ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാധ്യതയുണ്ട്.
ആസ്ത്മ ബാധിതര്‍ അവരുടെ പ്രിവന്റീവ് ഇന്‍ഹേലര്‍, നിര്‍ദ്ദിഷ്ട രീതിയില്‍ എന്നും ഉപയോഗിക്കണം. മാത്രമല്ല, റിലീവര്‍ ഇന്‍ഹേലര്‍ ഏത് സമയവും കൂടെ കരുതണം. വീട്ടിലാണെങ്കില്‍ പോലും റിലീവര്‍ ഇന്‍ഹേലര്‍ കൈയെത്തും ദൂരത്ത് തന്നെ സൂക്ഷിക്കണം. അതുപോലെ, വൈക്കോല്‍ പനി അഥവാ ഹേ ഫീവര്‍ ബാധിച്ചവര്‍ ആന്റി ഹിസ്റ്റമിനുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ജി പി യെ സമീപിച്ച് സ്റ്റിരോയ്ഡല് നേസല്‍ സ്പ്രേ പ്രിസ്ക്രൈബ് ചെയ്യാനും ആവശ്യപ്പെടാം. രോഗബാധക്ക് സാധ്യതയുള്ളവര്‍, ഈ ദിവസങ്ങളില്‍ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുകയാണ് ഉചിതം എന്നും വിദഗ്ധര്‍ പറയുന്നു.
പരാഗരേണുക്കള്‍ ശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനു പുറമെ, അലക്കിയ തുണികള്‍ ഉണങ്ങാനായി വീടിന് വെളിയില്‍ ഇടാതിരിക്കാനും, പുറത്ത് നിന്ന് കുളിക്കാതിരിക്കാനും ശ്രദ്ധിക്കണം. അതുപോലെ വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിടുകയും, വീടിനകം എന്നും അടിച്ചു വാരി വൃത്തിയാക്കുകയും വേണം. ഫേയ്സ് മാസ്ക് ധരിക്കുന്നതും പ്രയോജനം ചെയ്യുമെന്ന് അലര്‍ജി യു കെ പറയുന്നു.
അതേസമയം അടുത്തയാഴ്ചയോടു കൂടി ഒരു ഉഷ്ണ തരംഗം യു കെയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കുന്നു. ഒറ്റപ്പെട്ടിടങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മേല്‍ ഉയരുമെന്നും പ്രവചനത്തിലുണ്ട്. ഞായറാഴ്ച പൊതുവെ ഊഷ്മളമായ കാലാവസ്ഥയായിരിക്കും. അതിന് ശേഷമായിരിക്കും മദ്ധ്യ മേഖലയിലും തെക്കന്‍ മേഖലയിലും ഉഷ്ണ തരംഗത്തിന് സമാനമായ അവസ്ഥ സംജാതമാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല