സ്വന്തം ലേഖകൻ: പോർട്ട് ഓഫ് എൻട്രിയിൽ വിദേശ പൗരന്മാർക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വർക്ക് പെർമിറ്റ് സംവിധാനം കാനഡ നിർത്തലാക്കി. ഫ്ലാഗ്പോളിങ് കുറയ്ക്കാനും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ലഭ്യമാക്കാനുമാണ് പുതിയ നടപടി.
ഫ്ലാഗ്പോളിങ് എന്നത് ഒരു വീസയ്ക്ക് അപേക്ഷിക്കുന്നതിനായി ഒരു ലാൻഡ് ബോർഡർ ക്രോസിംഗിലൂടെയോ പോർട്ട് ഓഫ് എൻട്രിയിലൂടെയോ (POE) കാനഡയിൽ നിന്ന് പുറത്തുകടക്കുകയും അതേ ദിവസം തന്നെ വീണ്ടും പ്രവേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്.
കാനഡയിലെ താൽക്കാലിക താമസക്കാർ ജോലിയ്ക്കോ പഠനാനുമതിക്കോ ഓൺലൈനായി അപേക്ഷിക്കുന്നതിലെ കാലതാമസം മറികടക്കാനാണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്. നിയമപരമായ ഒരു സംവിധാനമാണെങ്കിലും, ഫ്ലാഗ്പോളിങ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളെയും മറ്റ് പ്രധാന ചുമതലകളെയും ഗണ്യമായി ബാധിച്ചിരുന്നു.
പുതിയ തീരുമാനത്തിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വാണിജ്യ ചരക്കുകളുടെ നീക്കം വേഗത്തിലാക്കുകയും ചെയ്യുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല