1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ പ്രവാസികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം പുതുക്കി. ഇതു പ്രകാരം ആറ് നിയമലംഘനങ്ങളിൽ പ്രവാസികള്‍ നാടുകടത്തപ്പെടും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ ഉത്തരവനുസരിച്ചുള്ള നാല് കേസുകളും രണ്ട് അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തൽ കേസുകളും ഇതിൽ ഉൾപ്പെടുന്നു. വ്യക്തിക്ക് റസിഡൻസ് പെർമിറ്റ് ഉണ്ടെങ്കിലും ഇൗ നിയമം ബാധകമാണ്.

കടൽ മാർഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുന്ന എല്ലാ വിദേശികളെയും നാടുകടത്താൻ നിയമപരമായി സാധ്യമാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. എൻട്രി വീസയോ റസിഡൻസ് പെർമിറ്റോ ഇല്ലെങ്കിലോ അവ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിലോ, നിശ്ചിത കാലയളവിനുള്ളിൽ അത് പുതുക്കിയില്ലെങ്കിലോ ഇത് ബാധകമാണ്. വീസയോ റസിഡൻസ് പെർമിറ്റോ റദ്ദാക്കിയശേഷം നിശ്ചിത കാലയളവിനുള്ളിൽ യുഎഇ വിട്ടില്ലെങ്കിലും നിയമം ബാധകമാകും.

ജുഡീഷ്യൽ നാടുകടത്തൽ വിധി വന്നാൽ വിദേശിയെ യുഎഇയിൽ നിന്ന് നാടുകടത്തും. പ്രത്യക്ഷമായ ഉപജീവനമാർഗമില്ല, പൊതുതാൽപര്യം, പൊതു സുരക്ഷ തുടങ്ങിയവ കണക്കിലെടുത്ത് നാടുകടത്തൽ ആവശ്യമാണെന്ന് സുരക്ഷാ അധികാരികൾ കരുതുന്നുവെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ വീസ ഉണ്ടെങ്കിൽപ്പോലും വിദേശിയെ രാജ്യത്ത് നിന്ന് നാടുകടത്താം. നിയമലംഘകന്റെ കുടുംബാംഗങ്ങളെയും നാടുകടത്താനുള്ള ഉത്തരവ് ഐസിപിയിൽ ഉൾപ്പെടുത്താമെന്ന് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. വിദേശിയെ നാടുകടത്തുന്നതിനുള്ള ചെലവുകൾ തൊഴിലുടമയുടെ ബാധ്യതയായിരിക്കും.

അതേസമയം, ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തലുകൾ വ്യത്യസ്തമാണ്. 1987-ലെ ഫെഡറൽ നിയമം അനുസരിച്ച് ഒരു കുറ്റകൃത്യത്തിനോ നിയമലംഘനത്തിനോ വിദേശിക്ക് എതിരെയുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ നാടുകടത്തൽ പുറപ്പെടുവിക്കുന്നത്. വിദേശി കുറ്റകൃത്യം നടത്തിയാൽ അവരെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നു. പൊതുതാൽപര്യത്തിനോ സുരക്ഷയ്‌ക്കോ ധാർമികതയ്‌ക്കോ ആവശ്യമായ കാര്യങ്ങൾക്കായി ഒരു വിദേശിക്ക് എതിരെ െഎസിപി ആണ് അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തൽ പുറപ്പെടുവിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.