സ്വന്തം ലേഖകൻ: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വീസയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനം. രണ്ട് മാസത്തേക്ക് താല്‍ക്കാലികമായാണ് അനുമതിയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. അതോറിറ്റി ചെയര്മാന് കൂടിയായ മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചു. നിലവില്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ വീസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് വിലക്കുണ്ട്. രണ്ട് മാസത്തേക്ക് കൈമാറ്റത്തിനുള്ള നിരോധനം താല്‍ക്കാലികമായി നീക്കുകയാണ് നിര്‍ദ്ദിഷ്ട തീരുമാനത്തിന്റെ ലക്ഷ്യമെന്നും, ഈ പ്രക്രിയയെ നിയന്ത്രിക്കാനും തൊഴില്‍ വിപണിയിലെ ആവശ്യവും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരുന്ന മുറയ്ക്ക് തീരുമാനം പുനപ്പരിശോധിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഒരു മന്ത്രാലയങ്ങളിലെ ജീവനക്കാരന് അനുബന്ധ യോഗ്യതാ സര്‍ട്ടഫിക്കറ്റ് ആര്‍ജിക്കുന്ന മുറയ്ക്ക് മറ്റൊരു മന്ത്രാലയത്തിലേക്ക് മാറാന്‍ അനുവദിക്കുന്ന പുതിയ തീരുമാനം കൈക്കൊണ്ടതായി അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതുപ്രകാരം, നിലവില്‍ ഏതെങ്കിലും മന്ത്രാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് മറ്റൊരു മന്ത്രാലയത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രത്യേക യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചാല്‍ അവര്‍ക്ക് മന്ത്രാലയം മാറ്റാനുള്ള അവസരം ലഭിക്കും.
ഉദാഹരണത്തിന്, നഴ്സിംഗില്‍ ബിരുദം നേടിയ ഗതാഗത മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന് ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റം തേടാവുന്നതാണ്. അതുപോലെ, കോളേജ് ഓഫ് എജുക്കേഷനില്‍ നിന്ന് ബിരുദം നേടിയ വാണിജ്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാറാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല