സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് വർധന മൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് ഇരുട്ടടിയായി എയർപോർട്ട് യൂസർ ഫീയിൽ വർധന. കേരളത്തിൽ അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർ ഫീ ഇരട്ടിയായി വർധിപ്പിച്ചത്. വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർ ഫീ ബാധകമാക്കി. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർ ഫീ.
പുതുക്കിയ നിരക്കനുസരിച്ച് ജൂലൈ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 വർഷം ഇത് യഥാക്രമം 840ഉം 360ഉം ആയി വർധിക്കും. 2026-27 വർഷം ഇത് 910ഉം 390ഉം ആയി ഉയരും. യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
വിദേശത്തു നിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഇത് 14,00ഉം 1650ഉം ആയി വർധിപ്പിക്കാം. വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്.
നിരക്ക് വർധനയുടെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഉടൻ ടിക്കറ്റ് നിരക്ക് ഉയർത്തുമെന്നാണ് വിവരം. യൂസർ ഫീ കൂടി ഉൾപ്പെടുത്തി ടിക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും എത്രയാണെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്താറില്ല. അതേസമയം, കേരളത്തിൽ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യൂസർ ഫീ വർധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ െഡവലപ്മെന്റ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക് മൾട്ടി ഇയർ താരിഫ് പ്രൊപ്പോസൽ നിശ്ചയിക്കുന്നത്. 2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തെ താരിഫാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല