സ്വന്തം ലേഖകൻ: നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ആദ്യ സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേട്ടം. ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ രംഗത്തുള്ള പ്രസിഡന്റ് ജോ ബൈഡൻ (81) ട്രംപിന്റെ (78) കടന്നാക്രമങ്ങൾക്കു മുന്നിൽ ഇടറിയതു പാർട്ടികേന്ദ്രങ്ങളിൽ നിരാശ പടർത്തി. 2020 ലെ ആദ്യ തിരഞ്ഞെടുപ്പു സംവാദത്തിൽ, ബൈഡന്റേതു മികച്ച തുടക്കമായിരുന്നുവെന്ന് അന്ന് ടിവി പ്രേക്ഷകർ വിലയിരുത്തിയെങ്കിൽ, ഇത്തവണ ട്രംപിനാണു മുൻതൂക്കമെന്നു അഭിപ്രായമുയർന്നു.
ട്രംപിന്റെ ആരോപണങ്ങൾക്കും പച്ചക്കള്ളങ്ങൾക്കും ശക്തമായ മറുപടി നൽകാൻ കഷ്ടപ്പെട്ട ബൈഡനു പലപ്പോഴും വാക്കുകൾ മുറിഞ്ഞു. ശബ്ദം ഇഴഞ്ഞു. ഇരുവരും തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമേയുള്ളുവെങ്കിലും ബൈഡന്റെ പ്രായാധിക്യം വീണ്ടും ചർച്ചകളിലേക്ക് ഉയർന്നുവന്നതും ഡെമോക്രാറ്റുകൾക്കിടയിൽ ആശങ്കയായി. ബൈഡനെ മാറ്റി പകരം ആളെ രംഗത്തിറക്കേണ്ടിവരുമെന്നും ആവശ്യം ഉയർന്നു.
പരസ്പരം വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ഇരുവരും മടിച്ചില്ല. ക്രിമിനൽ, കള്ളൻ, നുണയൻ, കൊള്ളരുതാത്തവൻ, കിഴവൻ എന്നിങ്ങനെ പരസ്പരം ആക്ഷേപിച്ചു. ട്രംപിനു തെരുവുപൂച്ചയുടെ സദാചാരമേയുള്ളുവെന്നും സ്ത്രീകളെ പരസ്യമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ബൈഡൻ ആരോപിച്ചു. രതിചിത്ര നടിയുമായി ട്രംപിനുണ്ടായിരുന്ന ബന്ധവും പരാമർശിച്ചു. ബൈഡന്റെ മകൻ കേസിൽപെട്ട കാര്യം ട്രംപും എടുത്തിട്ടു. സംവാദത്തിലുടനീളം ബൈഡൻ എതിരാളിയെ ‘ഇയാൾ’ എന്നാണ് അഭിസംബോധന ചെയ്തത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന് പരസ്പരം ആക്ഷേപിച്ച ഇരുവരും ഹസ്തദാനം ചെയ്തില്ല.
കുടിയേറ്റ നയം, വിദേശനയം, ഗർഭഛിദ്രം, ഗാസ, യുക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. താൻ പ്രസിഡന്റായിരിക്കേ അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു. ബൈഡൻ വന്നപ്പോൾ അതിർത്തികൾ തുറന്നിട്ടു. ന്യൂയോർക്ക് സിറ്റിയിൽ അമേരിക്കൻ വയോധികർ തെരുവിൽ കഴിയുമ്പോൾ, ആഡംബര ഹോട്ടലുകളിലാണ് അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. നുണ മാത്രം പറയുന്നവനാണു ട്രംപ് എന്നു തിരിച്ചടിച്ച ബൈഡൻ, വയോധികർക്കായി തന്റെ സർക്കാർ കൊണ്ടുവന്ന ക്ഷേമപദ്ധതികൾ വിശദീകരിച്ചു.
ബൈഡൻ ഹമാസിനോടു മൃദുസമീപനം സ്വീകരിച്ചുവെന്നായിരുന്നു ട്രംപിന്റെ മറ്റൊരു ആരോപണം. ഇസ്രയേലിന് ഇഷ്ടം പോലെ ആയുധങ്ങൾ നൽകി ഉറച്ച പിന്തുണയാണു താൻ നൽകുന്നതെന്ന് ബൈഡൻ. യുക്രെയ്നിനുവേണ്ടി യുഎസ് 20,000 കോടി പാഴാക്കിയെന്നും നല്ല നേതാവുണ്ടായിരുന്നെങ്കിൽ യുക്രെയ്ൻ യുദ്ധം ഉണ്ടാവില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘ഞാനായിരുന്നുവെങ്കിൽ സെലെൻസ്കിയും പുട്ടിനും തമ്മിലുള്ള പ്രശ്നങ്ങൾ ആദ്യമേ പറഞ്ഞുതീർത്തേനെ’. രാജ്യത്തെ മൂന്നാം ലോകയുദ്ധത്തിലേക്കാണു ബൈഡൻ നയിക്കുന്നതെന്നും ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല