സ്വന്തം ലേഖകൻ: അർധരാത്രി പിന്നിട്ടതോടെ കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ ) നിലവിൽ വന്നു.
പേരുകൾ സംസ്കൃതത്തിലാകുന്നതിനൊപ്പം, അവയിലെ വിവിധ വ്യവസ്ഥകളിലും മാറ്റം വന്നു. എന്നാൽ ഇതുവരെ റജിസ്റ്റർ ചെയ്യുന്ന കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.
നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും. കഴിഞ്ഞവർഷം ഒാഗസ്റ്റ് 11നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പുതിയ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. സ്റ്റാന്റിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബർ 13ന് വീണ്ടും അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകി.
പൊലിസിന് അമിത അധികാരം
പൊലിസിന് അമിത അധികാരം നൽകുന്ന കരിനിയമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭാരതീയ ന്യായ് സംഹിത. അറസ്റ്റിലാകുന്നയാളെ 15 മുതൽ 60 ദിവസം വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ കസ്റ്റഡിയിൽ വയ്ക്കാൻ പുതിയ നിയമം അനുമതി നൽകുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നവർ വിദേശത്താണെങ്കിലും അവരുടെ ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്.
ഇന്ത്യയുമായി സമാധാനത്തിൽ കഴിയുന്ന ഏതെങ്കിലും രാജ്യത്തിനെതിരേ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചാലും അയാൾക്കെതിരേ കേസെടുക്കാനും ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടാനും കഴിയും. ഇസ്റാഈലിനെ വിമർശിക്കുന്നത് വരെ കുറ്റമായി കണക്കാക്കി ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കേസെടുക്കാം.
ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ല. പൊതുപ്രവർത്തകരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി ആവശ്യമുള്ള കേസുകളിൽ അപേക്ഷ ലഭിച്ചാൽ 120 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. ഗൗരവമുള്ള കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ വിലങ്ങുവയ്ക്കാനും നിയമം അനുമതി നൽകുന്നു. അറസ്റ്റ് ചെയ്യപ്പെടാതെ തന്നെ അന്വേഷണ ആവശ്യത്തിനായി ഒരാളുടെ ഒപ്പ്, കൈയക്ഷരം, ശബ്ദം അല്ലെങ്കിൽ വിരലടയാളം എന്നിവയുടെ സാംപിളുകൾ നൽകാൻ മജിസ്ട്രേറ്റിന് ഉത്തരവിടാം.
ദുരുപയോഗ സാധ്യത
വ്യാപക ദുരുപയോഗത്തിന് സാധ്യതയുള്ളതാണ് ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ് സംഹിതയിൽലെ 150ാം വകുപ്പ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഈ വകുപ്പ് വിലങ്ങുതടിയാവും. 124എ സുപ്രിംകോടതി മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമാണ് പുതിയ നിയമം. ‘രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ’ എന്ന വിഭാഗത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികൾക്ക് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവെന്നാണ് നിയമം വ്യവസ്ഥചെയ്യുന്നത്.
ജീവപര്യന്തമെന്നാൽ ജീവിതകാലം മുഴുവനാണ് തടവ്. അട്ടിമറി, അരാജക പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നത് കുറ്റമായി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണ് അട്ടിമറി, അരാജക പ്രവർത്തനമെന്ന് നിർവചിച്ചിട്ടില്ല. ഇതോടെ പൊലിസിന് ഏതും അട്ടിമറിയോ അരാജകപ്രവർത്തനമോ ആയി വ്യാഖ്യാനിക്കാം.
വാക്കുകളിലൂടെയോ സംസാരത്തിലൂടെയോ എഴുത്തിലൂടെയോ അടയാളങ്ങളിലൂടെയോ പങ്കാളിത്തത്തിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ സാമ്പത്തിക മാർഗങ്ങളിലൂടെയോ സായുധ കലാപം അല്ലെങ്കിൽ അട്ടിമറി പ്രവർത്തനങ്ങൾ എന്നിവയെ ഉത്തേജിപ്പിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യൽ, വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുകയോ ചെയ്യൽ എന്നിവ ജീവപര്യന്തം തടവോ ഏഴുവർഷം തടവോ വിധിക്കാവുന്ന കുറ്റമാവും. സാമ്പത്തിക ഇടപാടുകളും ഇലക്ട്രോണിക് ആശയവിനിമയങ്ങളും ഇതിൽ ഉൾപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല