സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ ക്ഷേത്രദർശനവുമായി പ്രധാനമന്ത്രി ഋഷി സുനാക്കും പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമറും. ലണ്ടന്റെ വടക്കുപടിഞ്ഞാറൻ പ്രാന്തത്തിലെ നീസ്ഡനിലുള്ള സ്വാമിനാരായൺ ക്ഷേത്രമാണ് സുനാക് ഇന്നലെ സന്ദർശിച്ചത്. ഹിന്ദു സമൂഹത്തിന്റെ അഭിമാനം ഉയർത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന സ്റ്റാർമർ വെള്ളിയാഴ്ച വടക്കൻ ലണ്ടനിലെ കിംഗ്സ്ബറിയിലുള്ള സ്വാമിനാരായൺ ക്ഷേത്രമാണു സന്ദർശിച്ചത്. ഇന്ത്യയുമായുള്ള തന്ത്രപങ്കാളിത്തം വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ ‘ഹിന്ദു തെരഞ്ഞെടുപ്പ് പത്രിക’ പുറത്തിറക്കിയതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നീക്കമുണ്ടായത്. ഹിന്ദു ആരാധനാലയങ്ങൾ സംരക്ഷിക്കാനും ഹിന്ദുവിദ്വേഷം അവസാനിപ്പിക്കാനും ജനപ്രതിനിധികൾ നടപടിയെടുക്കണമെന്നാണു പത്രികയിൽ ആവശ്യപ്പെടുന്നത്. വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല