സ്വന്തം ലേഖകൻ: ഹമാസിനെ ഇല്ലാതാക്കാനെന്ന പേരില്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒന്‍പത് മാസം പിന്നിടുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ അഴിച്ചുവിടുന്നതെന്ന് ലോക രാഷ്ട്രങ്ങള്‍ വരെ ചൂണ്ടിക്കാട്ടുമ്പോഴും സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഗാസയിലെ സൈനിക നടപടിയുടെ പേരില്‍ ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത ഉടലെടുത്തുകഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇസ്രയേല്‍ സൈനിക നേതൃത്വം ഗാസയില്‍ വെടിനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു നേതൃത്വങ്ങളും തമ്മിലുള്ള ഭിന്നത ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗാസയിൽ വെടിനിർത്തൽ ആരംഭിക്കാൻ ഇസ്രയേൽ സൈന്യത്തിന്റെ ഉന്നത ജനറൽമാർ ആഗ്രഹിക്കുവെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 120 ഓളം ഇസ്രയേലികളെ മോചിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സന്ധിയായിരിക്കുമെന്നാണ് ഈ ജനറൽമാർ കരുതുന്നത്. ഇസ്രയേൽ സൈന്യത്തിൽ നിലവിലുള്ളതും നേരത്തെ ഉണ്ടായിരുന്നവരുമായ ആറ് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖം കൂടി ഉൾപ്പെടുത്തിയാണ് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട് നെതന്യാഹു തള്ളി.
വെടിനിർത്തൽ വേണമെന്ന് ഇസ്രയേൽ സൈനിക നേതൃത്വം ആഗ്രഹിക്കുന്നതിന് കാരണങ്ങൾ നിരവധിയാണ്. എന്നാൽ വിഷയത്തിൽ സൈന്യവും സർക്കാരും തമ്മിൽ ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. അതേസമയം ഗാസയിൽ ആയിരങ്ങൾ ജീവൻ രക്ഷിക്കാനായി ദിവസവും പലായനം ചെയ്യുകയും വീടും സ്വത്തുവകകളും ഉപേക്ഷിച്ച് മടങ്ങുകയും ചെയ്യുന്നു. ദിവസവും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല