രാജ്ഞിയുടെ അവാര്‍ഡ് വാങ്ങിയ മജിസ്ട്രേറ്റ് രണ്ടു വയസ്സുകാരിയെ പൊള്ളിച്ച് കൊന്നതിന് അറസ്റ്റിലായി. 2006ല്‍ ശാസ്ത്രത്തിനുള്ള സംഭാവനകള്‍ നല്‍കിയതിന് രാജ്ഞി പ്രത്യേകമായി ആദരിച്ച റഷ്പാല് ചനയാണ് അറസ്റ്റിലായത്. ഊര്‍ജ്ജതന്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്സും മറ്റും ഉള്‍പ്പെടുന്ന ചടങ്ങിലാണ് അന്നദ്ദേഹം ആദരിക്കപ്പെട്ടത്.
എന്നാല്‍ കാമുകിയുടെ രണ്ടു വയസ്സുകാരിയായ മകള്‍ പൊള്ളലേറ്റ് മരിച്ചതിന് പിന്നില്‍ ചനയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായ വിചാരണയില്‍ ക്രിസ്റ്റീന ലോഗിന എന്ന പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ ചനയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. എന്നാല്‍ കൊലപാതകം ബോധപൂര്‍വമല്ല എന്ന് വ്യക്തമായതിനാല്‍ നാലര വര്‍ഷത്തെ തടവ് മാത്രമാണ് 49കാരനായ ചനയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇതേകുറ്റത്തിന് കുട്ടിയുടെ അമ്മ ഇവയ്ക്കും ആറ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
58 സെന്റീഗ്രേഡ് തിളച്ച വെള്ളം വീണതിനെ തുടര്‍ന്ന് ക്രിസ്റ്റിനയ്ക്ക് പത്ത് ശതമാനം പൊള്ളലേറ്റിരുന്നതായി കോടതി സ്ഥിരീകരിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതിരുന്നതിനാലാണ് കുട്ടി മരിച്ചതെന്നും അതിനാല്‍ മരണത്തില്‍ ഇരുവര്‍ക്കും ബോധപൂര്‍വമല്ലാത്ത പങ്കുണ്ടെന്നുമുള്ള നിഗമനത്തില്‍ കോടതി എത്തിച്ചേരുകയായിരുന്നു. പൊള്ളലേറ്റ് പത്തു പതിനാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ആശുപത്രിയിലെത്തി ഏതാനും മണിക്കൂറുകള്‍ക്കകം കുട്ടി മരിക്കുകയായിരുന്നു. പൊള്ളലേറ്റ കുട്ടിക്ക് ക്രീമുകള്‍ക്കും ബാന്ഡേജിനുമപ്പുറം വിദഗ്ധ ചികിത്സ നല്കാന് ഇരുവരും തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. ഉടന്‍ ചികിത്സിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രിസ്റ്റീന മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല