സ്വന്തം ലേഖകൻ: യുകെയിൽ കാണാതായ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വന്നിരുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ പിന്നീട് കാണാതാകുകയായിരുന്നു.
ഇദ്ദേഹത്തെ കണ്ടെത്താൻ ജൂലൈ 1 മുതൽ സഫോൾക്ക് പൊലീസ് സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ തിരച്ചിലുകൾക്ക് ഒടുവിൽ നൊമ്പരമായി രാമസ്വാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലവിൽ മരണത്തിൽ ദൂരുഹതയില്ലെന്ന് കരുതുന്നതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചു. പൊലീസ് മരണ വിവരം രാമസ്വാമിയുടെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോൺ സി1 കാർ ഇപ്സ്വിച്ചിലെ റാവൻസ്വുഡ് പ്രദേശത്ത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് തിരച്ചിൽ നോട്ടീസ് പുറത്ത് ഇറക്കിയതോടെ നിരവധി പേരാണ് അറിയിപ്പ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഷെയർ ചെയ്തത്. ഇതോടെ ഡോക്ടറെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ മിക്കവരിലും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല