സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ വാഹനങ്ങളുടെ വാര്‍ഷിക സാങ്കേതിക പരിശോധകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ തീരുമാനം. നിലവില്‍ സര്‍ക്കാരിന് കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയിരുന്ന വാഹന പരിശോധനകള്‍ സ്വകാര്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ഈ മാറ്റത്തിന്റെ ആദ്യ ഘട്ടം ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ശെയ്ഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന് മറ്റു പരിശോധനകള്‍ നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അടുത്ത വര്‍ഷം ജൂലായ് മാസത്തോടെ രാജ്യത്തെ വാഹന പരിശോധനകള്‍ സ്വകാര്യ മേഖലയിലേക്ക് പൂര്‍ണമായി മാറ്റാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് സാവകാശം ലഭിക്കുന്നതിനു വേണ്ടിയാണ് മാറ്റം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷത്തോടെ ചെറു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍, മോട്ടോര്‍ ബൈക്കുകള്‍, പൊതു ഗതാഗത വാഹനങ്ങള്‍ എന്നിവയുടെയെല്ലാം പരിശോധനകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റും.
ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ 10 വര്‍ഷത്തിലധികം പഴക്കമില്ലാത്ത കാറുകളും മറ്റ് ചെറു വാഹനങ്ങളുമാണ് സ്വകാര്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുക. മറ്റു വാഹനങ്ങളുടെ പരിശോധന നിലവിലെ രീതിയില്‍ തുടരും. അടുത്ത വര്‍ഷം തുടക്കത്തോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ പഴക്കം പരിഗണിക്കാതെ എല്ലാ ചെറു വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളും സ്വകാര്യ മേഖലയിലേക്ക് മാറ്റും.
2025 ജൂലൈയില്‍ ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസ്സുകളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ഇവിടേക്ക് മാറ്റുമെന്നും ബ്രിഗേഡിയര്‍ ശെയ്ഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് അറിയിച്ചു.
ബഹ്‌റൈനില്‍ വാഹനങ്ങള്‍ നിര്‍ബന്ധമായും വാര്‍ഷിക സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിയമം. വാഹനത്തിന്റെ ബ്രേക്ക്, സസ്‌പെന്‍ഷന്‍, ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കൂ എന്നതാണ് ചട്ടം. പരിശോധന നടത്താതിരിക്കുന്നത് ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും ചില കേസുകളില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുന്നതിലേക്കും നയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല