സ്വന്തം ലേഖകൻ: വെള്ളിയാഴ്ചത്തെ ദോഹ -കോഴിക്കോട് വിമാന സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയ വിവരം വ്യാഴാഴ്ച രാത്രി ഏഴരക്ക് ശേഷമാണ് യാത്രക്കാരെ മെയിൽ വഴി അറിയിക്കുന്നത്. മറ്റൊരു വഴി കണ്ടെത്താൻ സാവകാശം നൽകാതെയുള്ള അപ്രതീക്ഷിതമായ അറിയിപ്പ് യാത്രക്കാർക്ക് ഇരുട്ടടിയായി.
അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽപോകേണ്ടവരാണ് എയർ ഇന്ത്യയുടെ പിടിപ്പുകേടുമൂലം പ്രയാസത്തിലായിരിക്കുന്നത്. യാത്ര മുടങ്ങിയ പലരും മറ്റ് വിമാനക്കമ്പനികൾക്ക് ഉയർന്ന നിരക്ക് നൽകി യാത്ര നടത്താൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭ്യമല്ലാത്തത് പ്രയാസത്തിലാക്കി.
എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് പെട്ടെന്ന് റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുകയാണ്. വെള്ളിയാഴ്ച പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് മസ്കത്തിൽ എത്തുന്ന വിമാനവും മസ്കത്തിൽനിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് ഉച്ചക്ക് 12.10ന് കോഴിക്കോട് എത്തുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്.
മസ്കത്തിൽനിന്ന് ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും മുടങ്ങിയിരുന്നു. പ്രവാസികളുടെ യാത്രപ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമില്ലാതെ തുടരുകയാണ്.
വിമാന സർവിസ് പെട്ടെന്ന് റദ്ദാക്കി യാത്രക്കാരെ പ്രയാസത്തിലാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി പ്രതിഷേധാർഹമാണെന്നും വിവാഹം, മരണം, മറ്റു അടിയന്തരാവശ്യങ്ങൾ എന്നിവക്കായി പോകുന്നവർക്ക് നികത്താൻ കഴിയാത്ത നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാകുന്നതെന്നും യാത്രക്കാർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല