1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2024

സ്വന്തം ലേഖകൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്‌കിയാൻ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം. കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയെ പിന്തള്ളിയാണ് പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാൻ ഇറാൻ്റെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. എണ്ണിയ 30 ദശലക്ഷത്തിലധികം വോട്ടുകളിൽ 53.3 ശതമാനം നേടിയ ശേഷമാണ് മസൂദിന്റെ വിജയം. ജലീലിക്ക് 44.3ശതമാനം വോട്ട് ലഭിച്ചു.

ജൂൺ 28 ന് നടന്ന തിരഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് കടന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. 40 ശതമാനം ആയിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പിലെ വോട്ടിങ് ശതമാനം. ഹെലികോപ്റ്റർ അപകടത്തിൽ മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി മരിച്ചതിനെ തുടർന്നാണ് രാജ്യത്ത് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

ഇറാൻ ആഭ്യന്തര മന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഡോ പെസെഷ്‌കിയൻ്റെ അനുയായികൾ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി ആഘോഷങ്ങൾ നടത്തിയിരുന്നു. ഭൂരിഭാഗവും യുവാക്കൾ അടങ്ങിയ അദ്ദേഹത്തിന്റെ അനുയായികൾ തെരുവിൽ നൃത്തം ചെയ്യുകയും പച്ചക്കൊടികൾ ഉയർത്തി കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. പെസെഷ്‌കിയാൻ. ഇറാൻ്റെ കുപ്രസിദ്ധമായ സദാചാര പോലീസിന്റെ കടുത്ത വിമർശകൻ കൂടിയാണ് അദ്ദേഹം. ഇറാനിൽ ഐക്യവും ഒത്തുചേരലും ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം ലോകത്തിൽ നിന്നുള്ള ഇറാൻ്റെ ഒറ്റപ്പെടൽ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പാശ്ചാത്യ ഉപരോധങ്ങൾ ലഘൂകരിക്കുന്നതിന് പകരമായി ഇറാൻ ആണവ പരിപാടി നിയന്ത്രിക്കാൻ സമ്മതിച്ച 2015 ലെ ആണവ കരാർ പുതുക്കുന്നതിന് പാശ്ചാത്യ ശക്തികളുമായി ചർച്ചകൾ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ കടുത്ത പാശ്ചാത്യ വിരുദ്ധ നിലപാടുകളും ആണവ കരാർ പുനഃസ്ഥാപിക്കുന്നതിനെതിരായ നിലപാടുകളും ഉള്ള ആളായിരുന്നു പെസെഷ്‌കിയാന്റെ എതിരാളിയായിരുന്ന ജലീൽ. നേരത്തെ ആണവ ചർച്ചകളുടെ ഭാഗമായിരുന്ന ജലീലിന് ഇറാനിലെ കടുത്ത വിശ്വാസികളുടെ സമൂഹങ്ങൾക്കിടയിൽ ശക്തമായ പിന്തുണയുണ്ട്.

ഭരണകൂടത്തോടുള്ള കടുത്ത അതൃപ്തിയെ തുടർന്നാണ് രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ആദ്യ റൗണ്ടിൽ വോട്ട് ചെയ്യാതിരുന്നവർ ജലീലിയെ പ്രസിഡൻ്റാകുന്നത് തടയാൻ ഇത്തവണ വോട്ട് രേഖപെപ്പടുത്തിയിരുന്നു. ജലീലിയുടെ വിജയത്തോടെ ഇറാൻ പുറം ലോകവുമായി കൂടുതൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും ഇറാൻ ലോകരാജ്യങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുമെന്നുമായിരുന്നു അവർ ഭയപ്പെട്ടിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.