സ്വന്തം ലേഖകൻ: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈത്തില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍ അവരില്‍ നിന്ന് വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് സിവില്‍ സര്‍വീസ് ബ്യൂറോയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളും.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ 2000 മുതല്‍ സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കാന്‍ നേരത്തേ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ് ബിരുദങ്ങള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സര്‍്ടടിഫിക്കറ്റുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
വിദേശ സര്‍വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരിക്കും നടപടി. പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകള്‍ക്കെതിരേ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി അവരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ അദ്‌വാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തെറ്റായ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ ഈ ഇല്ലാത്ത യോഗ്യതാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനകം വാങ്ങിയ ശമ്പളവും അലവന്‍സുകളും തിരിച്ചടയ്ക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതി വിധിക്കുന്ന പിഴകളും ഇത്തരം ജീവനക്കാര്‍ അടയ്‌ക്കേണ്ടിവരും.
ഇതുപ്രകാരം ഒരു വ്യാജ ഡോക്ടറേറ്റ് സമര്‍പ്പിച്ച അധ്യാപകന്‍ സര്‍ട്ടിഫിക്കറ്റ് അലവന്‍സായി പ്രതിമാസം വാങ്ങിയ 400 ദിനാര്‍ കണക്കാക്കി ജോലി ചെയ്ത വര്‍ഷത്തിനനുസൃതമായി തിരികെ നല്‍കണം. വ്യാജ പിജി സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ 200 ദിനാര്‍ തോതിലാണ് തിരിച്ചടക്കേണ്ട തുക കണക്കാക്കുക. ഇതിന് സമാനമായി മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും തുക കണക്കാക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിദേശത്തു നിന്നുള്ളതോ പ്രാദേശികമായി ലഭിച്ചതോ ആയ ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍, ജീവനക്കാരന്റെ ഡാറ്റ ഉടന്‍ തന്നെ സിസ്റ്റത്തില്‍ നിന്ന് പിന്‍വലിക്കപ്പെടും. അലവന്‍സുകള്‍ നിര്‍ത്തലാക്കുകയും തുടക്കം മുതല്‍ വിതരണം ചെയ്ത അലവന്‍സുകള്‍ തിരികെ ഈടാക്കുകയും ചെയ്യുമെന്നും തുടര്‍ന്ന് കേസ് കൂടുതല്‍ അന്വേഷണത്തിനും നിയമനടപടിക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല