1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2024

സ്വന്തം ലേഖകൻ: ഇന്നലെ കോഴിക്കോട് നിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ നൂറുക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. വേനലവധി ആയതിനാൽ കുടുംബങ്ങളടക്കം നൂറുക്കണക്കിന് പേരാണ് ദിനംപ്രതി നാട്ടിലേക്ക് തിരിക്കുന്നത്. ഇതിനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. അവസാന നിമിഷമാണ് തങ്ങൾക്ക് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.

ചികിത്സക്കായും വീട്ടിലെയും മറ്റും അത്യാവശ്യങ്ങൾക്കായും തിരിച്ചവരായിരുന്നു യാത്രക്കാരിൽ പലരും. ചുരുങ്ങിയ ദിവസത്തേക്ക് നാട്ടിൽ ലീവെടുത്ത് പോകുന്നവരുടെ യാത്രയും പെരുവഴിയിലായി. യാത്രക്കാരിൽ പലർക്കും സീറ്റ് ലഭ്യതക്കനുസരിച്ച് ഷെഡ്യൂൾ മാറ്റി നൽകിയെങ്കിലും മൂന്നും നാലും ദിവസം കാത്തിരിക്കേണ്ട അവസ്ഥയിലാണുള്ളത്.

എന്നാൽ കല്യാണം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് നാട്ടിൽ പോവേണ്ടവർ അധിക ചാർജ് നൽകി മറ്റു വിമാനങ്ങളിൽ യാത്ര തിരിച്ചു. നിരന്തരമായുള്ള വൈകിപ്പറക്കലും,റദ്ദാക്കലും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സ്വീകാര്യത മലബാറിലെ യാത്രക്കാരിൽ വല്ലാതെ കുറച്ചിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നവരോട് സ്വന്തം ഉത്തരവാദിത്തത്തിൽ ടിക്കറ്റെടുക്കാനാണ് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നത്.

ഇപ്പോൾ രണ്ടും കൽപ്പിച്ചാണ് യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റെടുക്കുന്നത്. കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് മറ്റു സർവീസുകൾ ഇല്ലാത്തത് മലാബാറിലെ യാത്രക്കാരുടെ ദുരിതം കൂട്ടുകയാണ്. അതിനിടെ വിമാന ജീവനക്കാരുടെ കുറവാണ് വിമാനങ്ങൾ വൈകുന്നതിന് കാരണമായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.