സ്വന്തം ലേഖകൻ: സൗദിയിൽ റോഡുകൾക്ക് കേടുപാട് വരുത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. മുനിസിപ്പൽ -ഗ്രാമകാര്യ -ഭവന മന്ത്രാലയമാണ് പുതിയ നിയമത്തിന്റെ കരട് പുറത്തിറക്കിയത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കേടുപാട് വരുത്തുന്നവർക്കും കടുത്തപിഴ ചുമത്താൻ വിഭാവനം ചെയ്യുന്നതാണ് നിയമം.
ലംഘനത്തിലേർപ്പെടുന്നവർ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനായിരിക്കും. റോഡുകൾക്ക് കേടുപാടുകൾ വരുത്തിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ അധികൃതർക്ക് നിയമം അനുമതി നൽകുന്നുണ്ട്. റോഡപകടങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തതുല്യമായ നഷ്ടപരിഹാരം ഈടാക്കും.
എന്നാൽ അപകടം റോഡിന്റെ ശോച്യാവസ്ഥ കാരണമാണെങ്കിൽ തതുല്യമായ നഷ്ടപരിഹാരം ബന്ധപ്പെട്ട വകുപ്പുകൾ നൽകേണ്ടി വരും. റോഡിൽ പെട്രോളിയം ഉൽപന്നങ്ങൾ നിക്ഷേപിക്കുക, വാഹനങ്ങളിൽനിന്ന് മാലിന്യമോ മറ്റു ഖര വസ്തുക്കളോ റോഡിൽ നിക്ഷേപിക്കുക, റോഡ് കൈയേറുക, ഭാഗികമായോ പൂർണമായോ തടസ്സപ്പെടുത്തുക തുടങ്ങി നിയമലംഘനങ്ങൾക്ക് 3,000 റിയാൽ പിഴയും തടവും ശിക്ഷ അനുഭവിക്കേണ്ടിയും വരും.
റോഡുകൾ, ഡ്രെയിനേജ് ചാനലുകൾ, മാലിന്യ ശേഖരണ സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചാൽ അവയുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ ചെലവ് ലംഘകരിൽനിന്നും ഈടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല