1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2024

സ്വന്തം ലേഖകൻ: വേനലവധിക്ക് ആളുകൾ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സാഹചര്യം മുതലാക്കി തട്ടിപ്പുനടത്താൻ വൻ സംഘങ്ങൾ രംഗത്തിറങ്ങിയതായി റിപ്പോർട്ട്. തങ്ങളുടെ പേരിലാണ് പുതിയ തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു.

‘നിങ്ങളുടെ പാസ്പോർട്ട് ഉപയോഗം ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു’ എന്ന വ്യാജ മൊബൈൽ സന്ദേശം ജിഡിആർഎഫ്എയുടെ പേരിൽ അയച്ചാണ് സംഘം ആളുകളെ പറ്റിക്കുന്നത്. പാസ്‌പോർട്ട് താത്ക്കാലികമായി റദ്ദായതിനാൽ യുഎഇയിൽനിന്ന് പുറത്തുപോകാനാവില്ലെന്ന് പറഞ്ഞാണ് സന്ദേശം. പ്രശ്‌നം പരിഹരിക്കുന്നതിന് ഇപ്പോഴത്തെ റെസിഡൻഷ്യൽ വിലാസം അറിയിക്കണമെന്നും അല്ലാത്ത പക്ഷം 50,000 ദിർഹം പിഴ ചുമത്തുകയും രാജ്യം വിടുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നതായി ജിഡിആർഎഫ് അറിയിച്ചു.

റെസിഡൻഷ്യൽ അഡ്രസ് നൽകുന്നതിന് എന്ന വ്യാജേന ഒരു വെബ് ലിങ്കും മെസേജിനൊപ്പം സംഘം അയക്കുന്നുണ്ട്. ഈ ലിങ്ക് വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതിന് സഹായിക്കുന്ന മാൽവെയറാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നൈജീരിയ (+234), എത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുന്നതെന്നും സംശയാസ്പദമായ ഇത്തരം സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ജിഡിആർഎഫ് അറിയിച്ചു.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ പണം നൽകുകയോ ചെയ്യരുത്. പകരം ജിഡിആർഎഫ്എയുടെ ഔദ്യോഗിക നമ്പറുകളിൽ വിളിച്ച് സംശയ നിവാരണം വരുത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കും പരാതികൾക്കും 8005111 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ജിഡിആർഎഫ്എ കൂട്ടിച്ചേർത്തു.

ദുബായിൽ ഉൾപ്പെടെ യുഎഇയിൽ സൈബർ തട്ടിപ്പു സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണ്. കഴിഞ്ഞയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നൂറിലേറെ സൈബർ തട്ടിപ്പുകാരെയും ഹാക്കർമാരെയും സുരക്ഷാ സേന പിടികൂടിയിരുന്നു. കോൾ സെന്ററുകൾ അടക്കം വിപുലമായ സന്നാഹങ്ങളോടെ നടത്തുന്ന തട്ടിപ്പുകൾക്കിരയായി പ്രവാസികൾ ഉൾപ്പെടെ നിരവധി നിവാസികൾക്ക് വൻ തുകകൾ നഷ്ടമായതായാണ് റിപ്പോർട്ട്. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. സൈബർ തട്ടിപ്പുകാർക്കെതിരേ കർശനമായ നിയമമാണ് യുഎഇയിലേതെന്നും പിടിക്കപ്പെടുന്നവർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ജിഡിആർഎഫ്എ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.