1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2024

സ്വന്തം ലേഖകൻ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നു മാറി വില്ലകളിലും മറ്റ് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശവുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. എന്നാല്‍ പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശത്തിനെതിരേ വിയോജിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാനും ചേംബര്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ത്വാര്‍ അല്‍ കുവാരി പറഞ്ഞു.

ദശലക്ഷക്കണക്കിന് റിയാല്‍ ചെലവഴിച്ച് സ്ഥാപിച്ച സ്‌കൂളുകള്‍ പെട്ടെന്ന് ഒഴിവാക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്നും ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സ്വകാര്യ ബിസിനസ് നിക്ഷേപകരിലും കുടുംബങ്ങളിലും വിദ്യാര്‍ഥികളിലും വലിയ ആശങ്ക ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. ഈ സ്‌കൂളുകള്‍ ഇടത്തരം, താഴ്ന്ന സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള 40,000 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്നവയാണ്. അധ്യാപകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാരാണ് ഈ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നത്. വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പലതും വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പ്രവര്‍ത്തനാനുമതി നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനു പുറമെ, പ്രാദേശിക, അന്തര്‍ദേശീയ ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ നേടിയവയാണ് പല സ്‌കൂളുകളും. കുറഞ്ഞ ഫീസില്‍ വിദ്യാഭ്യാസ സേവനം നല്‍കുമ്പോള്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് ഇവ. പ്രത്യേകം നിര്‍ണയിക്കപ്പെട്ട പ്രദേശങ്ങളില്‍ തന്നെ സ്‌കൂളുകള്‍ വേണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാഴ്ചപ്പാട് ശരിയാണെങ്കിലും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ സ്ഥാപനങ്ങളെ പെട്ടെന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഖത്തര്‍ ചേംബര്‍. വില്ലകള്‍ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ക്ക് റെഗുലേറ്ററി, അക്കാദമിക് ആവശ്യകതകള്‍ നിറവേറ്റുന്നതിനാല്‍ അവയുടെ ലൈസന്‍സുകള്‍ പുതുക്കുന്നത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖത്തറിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് സ്വകാര്യ മേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് 346 സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, 180 സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, 180 നഴ്‌സറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടേതടക്കം നിരവധി സ്‌കൂളുകള്‍ ഈ രീതിയില്‍ വില്ലകളിലാണ് പ്രവര്‍ത്തിക്കുന്നത്. അവ അടച്ചുപൂട്ടുന്നത് മാനേജ്‌മെന്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.