സ്വന്തം ലേഖകൻ: ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറുണ്ടാക്കണമെന്ന ആവശ്യമുയർത്തി ഇന്നലെ ടെൽ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. പ്രധാന റോഡുകൾ ഉപരോധിച്ച പ്രതിഷേധക്കാർ മന്ത്രിമാരുടെ ഓഫിസുകൾക്കു മുന്നിൽ ധർണയിരുന്നു. രാജ്യമെങ്ങും രാവിലെ 6.29ന് ആണു പ്രതിഷേധം ആരംഭിച്ചത്.
9 മാസം മുൻപ് ഒക്ടോബർ 7നു ഹമാസ് തെക്കൻ ഇസ്രയേലിൽ കടന്നാക്രമണം നടത്തിയ സമയം സൂചിപ്പിച്ചായിരുന്നു ഇത്. ടെൽ അവീവ് – ജറുസലം പ്രധാനറോഡ് ഉപരോധിച്ച് റോഡിൽ ടയറുകൾ കത്തിച്ചു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്നും മുദ്രാവാക്യമുയർന്നു. ഇസ്രയേലുകാരായ 120 ബന്ദികളാണു ഗാസയിലുള്ളത്.
യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതിയുടെ പ്രാരംഭ ചർച്ച കഴിഞ്ഞ ദിവസം ദോഹയിൽ നടന്നിരുന്നു. തുടർചർച്ച ഈയാഴ്ച കയ്റോയിൽ നടക്കും. അതിനിടെ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇഹാബ് അൽ ഹുസൈൻ കൊല്ലപ്പെട്ടു.
ഗാസ സർക്കാരിൽ തൊഴിൽ ഉപമന്ത്രിയായിരുന്നു. ഗാസ സിറ്റിയിൽ രണ്ടിടത്തു ബോംബാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ 38,153 പലസ്തീൻകാർ കൊല്ലപ്പെട്ടു. 87,828 പേർക്കു പരുക്കേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല