സ്വന്തം ലേഖകൻ: യുകെയുടെ പ്ലാനിംഗ് നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ച് പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ആവശ്യമായ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് ബ്രിട്ടന്റെ ആദ്യ വനിതാ ചാന്‍സലറുടെ പ്രഖ്യാപനം.
പ്ലാനിംഗ് നിയമങ്ങളിലാണ് ഇതിന്റെ ഭാഗമായി ആദ്യത്തെ പൊളിച്ചെഴുത്ത് തുടങ്ങുന്നത്. സമ്മര്‍ അവധിക്കായി എംപിമാര്‍ പോകുന്നതിന് മുന്‍പ് കൗണ്‍സിലുകള്‍ക്ക് പുതിയ ആയിരക്കണക്കിന് വീടുകള്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ബന്ധിത ലക്ഷ്യം നല്‍കാനാണ് നീക്കം.
ഗ്രീന്‍ ബെല്‍റ്റ് സംരക്ഷണത്തില്‍ ചില ഇളവുകള്‍ നല്കി വികസനത്തിനുള്ള ഇടം ഒരുക്കാനും മന്ത്രിമാര്‍ നീക്കം നടത്തുന്നുണ്ട്. പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളായ കാറ്റ്, സോളാര്‍ ഫാമുകളെ ബന്ധിപ്പിക്കാനുള്ള പുതിയ ഇലക്ട്രിസിറ്റി പൈലണുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ളവയ്ക്കും ഈ പ്ലാനിംഗ് നിയമങ്ങളിലെ ഇളവുകള്‍ സഹായകമാകും.
ബ്രിട്ടന്റെ പൊതുഖജനാവ് സമ്മര്‍ദം നേരിടുന്നതിനാല്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഇതിനെ അതിജീവിക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് റീവ്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച വോട്ടര്‍മാര്‍ നല്കിയ വമ്പന്‍ ഭൂരിപക്ഷം ഇത്തരം മാറ്റങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചാന്‍സലര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
അതേസമയം ദശകങ്ങളായി ലേബര്‍ പാര്‍ട്ടിക്ക് പണം ഒഴുക്കിയ യൂണിയനുകള്‍ ഇതില്‍ തൃപ്തരല്ല. ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലേബര്‍ ഗവണ്മെന്റ് പണം ഒഴുക്കണമെന്നാണ് യുണൈറ്റ് മേധാവി ഷാരോണ്‍ ഗ്രഹാം ആവശ്യപ്പെടുന്നത്. ഇടത് പക്ഷത്ത് നിന്നുള്ള ആദ്യ മുന്നറിയിപ്പ് ലേബര്‍ നേതൃത്വത്തിന് ആശങ്ക ഉളവാക്കുന്നതാണ്.
സമ്പദ് വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റാര്‍മര്‍ ഭരണകൂടം നടപടികള്‍ കൈക്കൊള്ളുന്നത്. യുകെ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ട്. അതേസമയം സ്കോട്ട്ലണ്ടില്‍ സന്ദര്‍ശനത്തിന് എത്തിയ കീര്‍ സ്റ്റാര്‍മര്‍ യൂറോപ്പുമായി അടുത്ത ബന്ധം പുലര്‍ത്താനാണ് പദ്ധതിയെന്നും വെളിപ്പെടുത്തി.
പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും, പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത പദ്ധതികളാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നതില്‍ പലതും. 14 വര്‍ഷത്തെ ടോറി ഭരണം ദുരന്തമായിരുന്നുവെന്ന തരത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് സംസാരിക്കുന്നത്. അധിക നികുതി വളര്‍ച്ചയിലൂടെ കണ്ടെത്താനുള്ള അവസരം ടോറികള്‍ കളഞ്ഞുകുളിച്ചെന്നാണ് ആരോപണം.
ഇതിന് പുറമെ 700,000 അടിയന്തര അപ്പോയിന്റ്മെന്റ് നല്‍കുമെന്ന ലേബര്‍ വാഗ്ദാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും കഠിന ജോലിയിലാണ്. ബ്രിട്ടീഷ് ഡെന്റിസ്റ്റ് അസോസിയേഷനെ അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല