1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2024

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പൊതുസേവനങ്ങള്‍ പരിഷ്‌കരിക്കാനും, വിദേശരാജ്യങ്ങളുമായി തകര്‍ച്ചയിലായ ബന്ധങ്ങള്‍ പുനരുദ്ധരിക്കാനും അജണ്ട മുന്നോട്ട് വെച്ച് പുതിയ കാബിനറ്റ് യോഗത്തില്‍ കീര്‍ സ്റ്റാര്‍മര്‍. പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി 48 മണിക്കൂറിന് ശേഷമാണ് മാറ്റത്തിനായി വെമ്പല്‍ കൊള്ളുന്നതായി പുതിയ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

174 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ലേബര്‍ ടോറികളെ വീഴ്ത്തിയത്. പാര്‍ട്ടി വാഗ്ദാനം ചെയ്ത വിഷയങ്ങളില്‍ ഓരോ മന്ത്രിയും പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കാനും, ഉയര്‍ന്ന നിലവാരം പുലര്‍ത്താനും കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘നിലവാരം, നടപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണം’, സ്റ്റാര്‍മര്‍ പറഞ്ഞു.

സ്വന്തം താല്‍പര്യങ്ങളായിരുന്നു ഇന്നലെയുടെ രാഷ്ട്രീയമെങ്കില്‍ രാഷ്ട്രീയത്തിലെ സേവനത്തെ തിരിച്ചെത്തിക്കുകയാണ് തന്റെ നേതൃത്വം നിര്‍വ്വഹിക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വിച്ചിടുന്ന വേഗത്തില്‍ രാജ്യത്തെ മാറ്റാനൊന്നും കഴിയില്ലെന്ന് ഇതിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സ്റ്റാര്‍മര്‍ സമ്മതിച്ചു. എന്നാല്‍ രാജ്യത്തെ പുനരുദ്ധരിക്കുന്നതില്‍ സമയം പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍എച്ച്എസ് അടിസ്ഥാനപരമായി തകര്‍ച്ചയിലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ നിലപാട് ശരിവെച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ആഴ്ചയില്‍ 40,000 അധിക അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാനുള്ള പദ്ധതി ഉടനടി ആരംഭിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്‍എച്ച്എസിന്റെ ഹിമാലയന്‍ വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കുകയാണ് ലക്‌ഷ്യം.

ഋഷി സുനക് സര്‍ക്കാറിന്റെ റുവാണ്ട പദ്ധതിയനുസരിച്ച് തടവിലാക്കപ്പെട്ട് റുവാണ്ടയിലേക്ക് അയക്കാന്‍ കാത്തിരിക്കുന്ന ശേഷിക്കുന്ന രണ്ട് കുടിയേറ്റക്കാരെയും ഉടന്‍ വിട്ടയക്കാന്‍ പുതിയ സര്‍ക്കാര്‍. രണ്ട് അഭയാര്‍ത്ഥികളെയും ഉടന്‍ ജാമ്യത്തില്‍ വിടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിയിരിക്കുന്നത്.

മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് 218 കുടിയേറ്റക്കാരെ ജാമ്യത്തില്‍ വിട്ടയച്ചതായും ആഭ്യന്തര സെക്രട്ടറിയുടെ വക്താവ് വെളിപ്പെടുത്തി. അനധികൃത കുടിയേറ്റം നേരിടാനുള്ള മുന്‍ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നയത്തിന്റെ ഭാഗമായി അവരെ കിഴക്കന്‍-മധ്യ ആഫ്രിക്കന്‍ രാജ്യത്തേക്ക് നാടുകടത്തേണ്ടതായിരുന്നു. എന്നാല്‍ അവരെ ജാമ്യത്തില്‍ വിടുകയാണുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.