1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ വീസിറ്റ് വീസകളില്‍ എത്തുന്നവര്‍ വീസ കാലാവധി കഴിഞ്ഞാലുടന്‍ നാട്ടിലേക്ക് തിരിച്ചു പോവുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റെസിഡന്‍സി അഫയേഴ്സിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മസീദ് അല്‍ മുതൈരി അറിയിച്ചു. ഇത്തരം നിയമലംഘകര്‍ക്കെതിരേ റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.

ഒരാളുടെ വീസിറ്റ് വീസ കാലാവധി അവസാനിച്ചാല്‍ ആദ്യ നടപടി എന്ന നിലയില്‍ വീസ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിക്ക് സഹല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇതേക്കുറിച്ച് അറിയിപ്പ് സന്ദേശം അയക്കും തുടര്‍ന്ന് ഒരു എസ്എംഎസ് വാചക സന്ദേശവും അയക്കും. സന്ദേശം ലഭിച്ച ശേഷവും സന്ദര്‍ശകന്‍ രാജ്യത്ത് തുടരുകയാണെങ്കില്‍, അഞ്ച് മുതല്‍ ഏഴ് വരെ ദിവസങ്ങള്‍ക്ക് ശേഷം സ്‌പോണ്‍സറെ ബന്ധപ്പെടുകയും റസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്യും.

സന്ദര്‍ശകനെ തിരികെ അയക്കാത്ത സ്പോണ്‍സര്‍മാര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അല്‍ മുതൈരി പറഞ്ഞു. ഇത്തരക്കാര്‍ക്ക് വീസിറ്റ് വീസകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തും. മുന്നറിയിപ്പുകള്‍ അവഗണിച്ചും രാജ്യത്ത് തുടരുന്ന കേസുകളില്‍, സന്ദര്‍ശകനെ അറസ്റ്റ് ചെയ്യുകയും സ്‌പോണ്‍സര്‍ക്ക് പിഴ ചുമത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുക. വരും ദിവസങ്ങളിൽ പരിശോധന ശക്തമാകും.

അതേസമയം, ശരിയായ രീതിയില്‍ അപേക്ഷ നല്‍കുന്ന പക്ഷം 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ സന്ദര്‍ശന വീസ ലഭിക്കാന്‍ രാജ്യത്ത് സംവിധാനമുണ്ടെന്ന് അല്‍ മുതൈരി പറഞ്ഞു. വീസിറ്റ് വീസ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടയില്‍ രാജ്യത്തെത്തുന്ന വിദേശസന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ ശരാശരി 8,700 സന്ദര്‍ശന വീസകളാണ് ഈ കാലയളവില്‍ നല്‍കിയത്.

അമേരിക്കക്കാര്‍, ബ്രിട്ടീഷുകാര്‍, തുര്‍ക്കികള്‍, ജോര്‍ദാനിയക്കാര്‍, ഈജിപ്തുകാര്‍, ഇന്ത്യക്കാര്‍, സിറിയക്കാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതലായി എത്തിയതെന്നും അല്‍ മുതൈരി അറിയിച്ചു. ഏകദേശം 2,000 ബിസിനസ് വീസിറ്റ് വീസകള്‍, 2,900 ഫാമിലി വീസിറ്റ് വീസകള്‍, 3,800 ടൂറിസ്റ്റ് വീസിറ്റ് വീസകള്‍ എന്നിങ്ങനെയാണ് ഒരഴ്ചയ്ക്കിടയില്‍ അനുവദിക്കപ്പെട്ട വീസകളുടെ വിഭാഗങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.