1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2024

സ്വന്തം ലേഖകൻ: ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മാണ കമ്പനിയായ ദക്ഷിണകൊറിയയിലെ സാംസങ് ഇലക്ട്രോണിക്‌സില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ വേതനവര്‍ധന ആവശ്യപ്പെട്ട് തിങ്കളാഴ്ച അനിശ്ചിതകാലസമരം തുടങ്ങി. മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരമാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. സാംസങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമാണിത്.

കമ്പനിയുടെ രണ്ടാംപാദ പ്രവര്‍ത്തന ലാഭത്തില്‍ വലിയ വർധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതിന് പിന്നാലെയാണ് സമരപ്രഖ്യാപനം. ഇത് കമ്പനി അധിതൃതരെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മൂന്നുദിവസത്തെ സമരത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് തൊഴിലാളിസംഘടനയായ നാഷണല്‍ സാംസങ് ഇലക്ട്രോണിക്‌സ് യൂണിയന്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചത്.

വേതനവര്‍ധന, ജോലിയിലെ കാര്യക്ഷമതയ്ക്ക് അനുസൃതമായ ബോണസ്, യൂണിയന്റെ സ്ഥാപകദിനത്തില്‍ അവധി തുടങ്ങിയവയാണ് സമരംചെയ്യുന്നവരുടെ ആവശ്യങ്ങള്‍. സമരം ഉത്പാദനത്തെ ബാധിക്കുമെന്നും മാനേജ്‌മെന്റ് പ്രയാസം അനുഭവിക്കേണ്ടി വരുമെന്നും യൂണിയന്‍ അവകാശപ്പെട്ടു. എന്നാല്‍, അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. മാനേജ്‌മെന്റിനെ ചര്‍ച്ചയ്‌ക്കെത്തിക്കാനാണ് തൊഴിലാളികളുടെ ശ്രമം. കൂടുതല്‍ തൊഴിലാളികളെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.

ലോകത്തെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിര്‍മാതാക്കളാണ് സാംസങ് ഇലക്ട്രോണിക്‌സ്. ജനറേറ്റീവ് എഐയ്ക്ക് ആവശ്യമായ ഉന്നത നിലവാരമുള്ള ചിപ്പുകളുടെ വലിയൊരു് പങ്ക് സാംസങ് നല്‍കുന്നതാണ്. എന്നാല്‍ ഇവിടങ്ങളില്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ ആവശ്യം കുറവാണ്. അതിനാല്‍ സമരം സെമികണ്ടക്ടര്‍ വ്യവസായത്തെ ബാധിക്കാനിടയില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

30000 ല്‍ ഏറെ അംഗങ്ങളുള്ള തൊഴിലാളി സംഘടനയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ അഞ്ചില്‍ ഒന്നിനേക്കാള്‍ കൂടുതലാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.