1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2024

സ്വന്തം ലേഖകൻ: വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ വ്യാഴാഴ്ച എത്തിയപ്പോൾ അഭിമാനമായി വാണിയംകുളം സ്വദേശിയും. 10 വർഷമായി മർച്ചന്റ് നേവിയിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. വിഴിഞ്ഞത്തെത്തിയ സാൻഫെർണാഡോവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാണിയംകുളം അജീഷ് നിവാസിൽ പ്രജീഷ് ഗോവിന്ദരാജ് ജോലിക്ക് കയറിയത്.

ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ (ഇ.ടി.ഒ) ആയാണ് ജോലി ചെയ്യുന്നത്. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ നേട്ടത്തിൽ ഒരു ജീവനക്കാരനായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രജീഷ് പറഞ്ഞു. കപ്പലിൽ അഞ്ച് ഇന്ത്യക്കാരാണുള്ളത്. ശരണ്യയാണ് ഭാര്യ. രണ്ടുവയസ്സുകാരൻ വിഹാനാണ് മകൻ. അച്ഛൻ: ഗോവിന്ദ രാജ്, അമ്മ: ശശി പ്രഭ.

പത്താം ക്ലാസ് വരെ ടി.ആർ.കെ. ഹൈസ്കൂളിലും, പ്ലസ്‌ടു ചളവറ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. കുളപ്പുള്ളി ഐ.പി.ടിയിൽ നിന്ന് ഡിപ്ലോമയും പെരിന്തൽമണ്ണ എം.ഇ.എ.യിൽ നിന്ന് എൻജിനിയറിങ്ങും പൂർത്തിയാക്കി. മുംബൈയിൽ നിന്ന് മറൈൻ എൻജിനീയറിങ്ങും പൂർത്തിയാക്കി.

യു.കെ. കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.എസ്.എസ്. ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചി മറൈൻ ഓപ്പറേഷൻസ് മേധാവി അരുൺ എം.സത്യനാഥന്റെ നേതൃത്വത്തിലാണ് വിഴിഞ്ഞത്ത് കപ്പലെത്തിച്ചത്. കപ്പലിലെ സെക്കൻഡ് ഓഫീസറും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ പരോമിതാ മുഖർജി, ബിഹാർ പാറ്റ്‌ന സ്വദേശിയും ചീഫ് എൻജിനിയറുമായ ശുഭാങ്കർ സിൻഹ, സെക്കൻഡ് എൻജിനിയറും കോയമ്പത്തൂർ സ്വദേശിയുമായ കൃഷ്ണകുമാർ ദുരൈസ്വാമി, ആന്ധ്രപ്രദേശിലെ ഇലക്ട്രിക് ടെക്‌നിക്കൽ ഓഫീസർ വിഭാഗത്തിലെ ട്രെയിനിയായ സൂര്യ ശേഷൻ എന്നിവരാണ് കപ്പലിലുള്ള മറ്റ് ഇന്ത്യക്കാർ. വിഴിഞ്ഞത്ത് ഇറക്കാനുള്ള കണ്ടെയ്‌നറുകൾ യാർഡിലേക്കു മാറ്റിയശേഷം തിരികെ കൊളംബോയിലേക്കു കപ്പൽ പോകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.