സ്വന്തം ലേഖകൻ: യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വീസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വീസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും വീസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഷെങ്കന്‍ വീസ നിരസിക്കപ്പെട്ടാല്‍ ഫീസ് തിരിച്ചുനല്‍കാത്തതിനാല്‍ 2023 മാത്രം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 109 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഷെങ്കന്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 9,66,687 ഇന്ത്യക്കാരാണ് ഈ വര്‍ഷം ഷെങ്കന്‍ വീസയ്ക്കായി അപേക്ഷ നല്‍കിയത്. ഇതില്‍ 1,51,752 പേരുടെ അപേക്ഷകളാണ് തള്ളിപ്പോയത്. ആകെ 16 ലക്ഷത്തോളം വീസ അപേക്ഷകളാണ് ഷെങ്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം നിരസിച്ചത്. ഇതിലൂടെ ആകെ 1,172 കോടി രൂപയുടെ നഷ്ടമാണ് അപേക്ഷകര്‍ക്കുണ്ടായത്.
അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കാത്തതിനാലാണ് വലിയൊരു വിഭാഗം ആള്‍ക്കാരുടെയും അപേക്ഷകള്‍ തള്ളിപ്പോകുന്നത്. യാത്രയുമായി ബന്ധപ്പെട്ട പണത്തിന്റെ രേഖകള്‍ കൃത്യമായി രേഖപ്പെടത്താത്തതിനാലും യാത്രയുടെ ആവശ്യം വ്യക്തമാക്കാത്തതിനാലും ചിലരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നു. അതോടൊപ്പം വീസ നിയമങ്ങള്‍ മുന്‍പ് ലംഘിച്ചവരുടെയും നല്ല ജോലിയില്ലാത്തവരുടെയും അപേക്ഷകളും അധികൃതര്‍ പരിഗണിക്കാറില്ല.
വീസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച വര്‍ഷം കൂടിയായിരുന്നു ഇത്. ജൂണ്‍ 11 മുതലാണ് ഇത് നിലവില്‍ വന്നത്. മുതിര്‍ന്നവര്‍ക്ക് നിലവില്‍ 8000 രൂപയോളമാണ് ഫീസ്. നേരത്തെ ഇത് 7000ത്തോളമായിരുന്നു. നിരസിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സാധാരണഗതിയില്‍ ഫീസ് തിരിച്ചുകിട്ടില്ല.
യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വീസയാണ് ഷെങ്കന്‍ വീസ. സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വീസ സെന്ററിലോ ഒക്കെയാണ് ഷെങ്കണ്‍ വീസ നല്‍കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഡെന്മാര്ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്ലന്ഡ്, ലാത്വിയ, ലിച്ചന്‍സ്റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വീസ നിലവിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല