1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2024

സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും കൂടുതല്‍ യുപിഐ പേയ്‌മെന്റ് വഴി പണമിടപാട് നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ മെയ് മാസത്തില്‍ 1,400 കോടി രൂപയുടെ യുപിഐ പണമിടപാടാണ് ഇന്ത്യയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം നടന്നത് 900 കോടിയുടെ ഇടപാടാണ്. പച്ചക്കറി വാങ്ങുന്നത് മുതല്‍ ഷെയര്‍ മാര്‍ക്കറ്റ് ഇന്‍വസ്റ്റിങ് വരെ ഇന്ത്യക്കാര്‍ യുപിഐ പണമിടപാട് വഴി ഇപ്പോള്‍ നടത്തുന്നു. 2016-ലെ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് കാട്ടുതീ പോലെ പടര്‍ന്നുപിടിച്ച യുപിഐ വിപ്ലവം ഗ്രാമാന്തരങ്ങളില്‍ വരെയെത്തി.

എന്നാല്‍, യുപിഐ ആപ്പുകളുടെ ഈ ജനകീയത മുതലെടുത്ത് വന്‍ തട്ടിപ്പുകളും നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ യുപിഐ മാര്‍ക്കറ്റ് എന്നതുപോലെ, ലോകത്ത് ഏറ്റവും കൂടുതല്‍ യുപിഐ തട്ടിപ്പുനടക്കുന്ന രാജ്യവും ഇന്ത്യ തന്നെ.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സൗകര്യപ്രദമാണെങ്കിലും അതുവഴിയുള്ള തട്ടിപ്പുകള്‍ തടയാന്‍ പലര്‍ക്കും കൃത്യമായ ധാരണയില്ല എന്നതാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുപിഐ പിന്‍നമ്പറുകള്‍ ഷെയര്‍ ചെയ്യിച്ചു വാങ്ങിയാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത്. നിയമാനുസൃത ബാങ്കിങ് ആപ്പുകളുടെ ക്ലോണായ വ്യാജ യുപിഐ ആപ്പുകളും തട്ടിപ്പുകാര്‍ സൃഷ്ടിച്ചിട്ടുണ്ട്. തുടര്‍ന്ന് ലോഗിന്‍ വിശദാംശങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നു.

രാജ്യത്ത് ഡിജിറ്റല്‍ മുന്നേറ്റം നടന്നത് വളരെ വേഗത്തിലാണ്. എന്നാല്‍, ഡിജിറ്റല്‍ സാക്ഷരതയും സുരക്ഷിതമായി ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യേണ്ടതിലെ പരിശീലനവും ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും കൃത്യമായി ലഭിച്ചിട്ടില്ല. 2020 ജനുവരി മുതല്‍ 2023 ജൂവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സാമ്പത്തിക തട്ടിപ്പുകളുടെ പകുതിയും നടന്നത് യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023 ഏപ്രിലില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ യുപിഐയുമായി ബന്ധപ്പെട്ട 95,000-ത്തിലധികം തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022-നെ അപേക്ഷിച്ച് 77,000 കേസുകളുടെ വര്‍ധന.

ബാങ്കിങ് സേവനങ്ങള്‍ ഫലപ്രദാമായി എത്തിക്കാന്‍ സാധിക്കാത്ത ഗ്രാമാന്തരങ്ങളിലേക്ക് വരെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ എത്തിക്കാന്‍ ബാങ്കുകളും ശ്രമിച്ചിട്ടുണ്ട്. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാല്‍, ഡിജിറ്റല്‍ ബാങ്കിന്റെ ചതിക്കുഴികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ഇവരും മെനക്കെട്ടില്ല. ഇവിടങ്ങളില്‍ സ്മാര്‍ട്ട് ഫോണില്ലാത്തവര്‍, അതുള്ള വിഭാഗത്തെ ആശ്രയിക്കുന്നത് പതിവാണ്. ഇങ്ങനെ സഹായം ചെയ്തു കൊടുക്കുന്നവരില്‍ സാമ്പത്തിക തട്ടിപ്പില്‍ ഏര്‍പ്പെടുന്ന നിരവധിപേരുണ്ട്.

ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സ് ആണ് ആദ്യമായി യുപിഐ പേയ്‌മെന്റ് സംവിധാനം അംഗീകരിച്ച രാജ്യം. അതും ഈ വര്‍ഷം. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ ടിക്കറ്റെടുക്കാനാണ് ഫ്രാന്‍സ് ആദ്യമായി യുപിഐ പേയ്‌മെന്റ് സംവിധാനം അംഗീകരിച്ചത്. അതേ സമയം, ഇന്ത്യയില്‍ പച്ചക്കറി വാങ്ങാന്‍ വരെ യുപിഐ പേയ്‌മെന്റ് ആപ്പുകളാണ് ഉപയോഗിക്കുന്നത്.

തട്ടിപ്പ് മാത്രമല്ല, യുപിഐ സംവിധാനങ്ങളില്‍ നിരന്തര തകരാറുകളും സംഭവിക്കുന്നുണ്ട്. ജൂണ്‍ നാലിനുണ്ടായ വിപണിമാന്ദ്യത്തില്‍ യുപിഐ പിഴവുകളെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടത് നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ദിവസവും 45 കോടിയിലധികം ഇടപാടുകളാണ് യുപിഐ സംവിധാനത്തിലൂടെ ദിനംപ്രതി നടക്കുന്നത്. എന്നാല്‍ എന്‍പിസിഐയുടെ കണക്ക് പ്രകാരം 2024 മെയ് മാസത്തില്‍ 31 തവണയാണ് യുപിഐ സംവിധാനം തകരാറില്‍ ആയതും 47 മണിക്കൂറോളം അനുബന്ധ സംവിധാനങ്ങള്‍ ഓഫ്‌ലൈന്‍ ആയി തുടരുകയും ചെയ്തത്.

യുപിഐ പണമിടപാടുകളില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന പിഴവുകള്‍ക്ക് കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് എന്നാണ് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നത്. അതായത്, ഡിജിറ്റല്‍ പണമിടപാട് ഇത്രയും വേഗത്തില്‍ പടരുന്നൊര രാജ്യത്ത് അതിന്റെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഇതുവരേയും സാധിച്ചിട്ടില്ലെന്ന് ചുരുക്കം.

അപ്രതീക്ഷിതവും അല്ലാത്തതുമായ ഇത്തരത്തിലുള്ള തകരാറുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിയന്ത്രിത സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. വീഴ്ചകള്‍ കുറച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ആര്‍ബിഐയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എങ്കിലും നിലവില്‍ ഒരുശതമാനം പ്രശ്നപരിഹാരം മാത്രമാണ് സാധ്യമായിട്ടുള്ളത്. ബാങ്കിങ് സംവിധാനങ്ങളിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും ‘യു പി ഐ ലൈറ്റ് ‘ എന്ന സംവിധാനം ആര്‍ബിഐ കൊണ്ടുവന്നിരുന്നു. മാസത്തില്‍ ഏകദേശം ഒരു കോടിയോളം ഇടപെടുകള്‍ കൈകാര്യം ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.