സ്വന്തം ലേഖകൻ: ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്പെയിന് യൂറോപ്യന്‍ വന്‍കരയിലെ ഫുട്ബോള്‍ അധിപന്മാരായി. 2-1 സ്കോറില്‍ വിജയിച്ചു കയറിയാണ് ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ക്കുമേല്‍ സ്പെയിന് തേരോട്ടം നടത്തിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം റികോ വില്ല്യംസിലൂടെ സ്പെയിന് മുന്നിലെത്തിയെങ്കിലും പകരക്കാരന് ആയി ഇറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി.
പിന്നിടങ്ങോട്ട് പൊരുതിക്കളിച്ച സ്പെയിന് കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ മാര്‍ക് കുക്കറെല്ലയുടെ അസിസ്റ്റില്‍ ഒയാര്‍സബല്‍ വലയിലാക്കിയ വിജയഗോളില്‍ കീരിടത്തിലേക്ക് ചുവടുവെച്ചു. നാലാം യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടതോടെ നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമായി സ്പെയിന്.
കോപ്പ അമേരിക്കയിൽ വീണ്ടും ചാമ്പ്യന്മാരായി അർജന്റീന. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ തകർത്തു. ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. 112-ാം മിനിറ്റിലാണ് അർജന്റീനയുടെ വിജയ ഗോൾ എത്തിയത്. ലൗട്ടാറോ മാർട്ടിനസാണ് രക്ഷകനായി എത്തിയത്. നിശ്ചിത സമയത്തും ഇരു ടീമും ഗോൾ നേടാതെ വന്നതോടകൂടിയാണ് എക്സ്ട്രാ ടൈമിലേക്ക് മത്സരം കടന്നത്. തുടർച്ചയായ രണ്ടാം കോപ്പ കിരീട നേട്ടമാണ് അർജന്റീനക്ക്.
നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ മത്സരവീര്യം കളയാതെ അർജന്റീന താരങ്ങൾ കളം നിറഞ്ഞു. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയായിരുന്നു. എന്നാൽ ഒടുവിൽ കിരീടം മെസിക്കും സംഘവും നേടി.
ഫൈനലിസിമയില്‍ ഇത്തവണ ആരാധകരെ കാത്തിരിക്കുന്നത് ലയണല്‍ മെസി – ലാമിൻ യമാല്‍ പോരാട്ടം. യൂറോ കപ്പ് ജേതാക്കളായ സ്പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലാണ് ഫൈനലിസിമയില്‍ ഏറ്റുമുട്ടുക. 2025ലാണ് ഈ മത്സരം.
2022ലായിരുന്നു ആദ്യ ഫൈനലിസിമ പോരാട്ടം നടന്നത്. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മില്‍ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തില്‍ ജയം പിടിച്ചത് മെസിയുടെ അര്‍ജന്റീനയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം വട്ടവും മെസിയും സംഘവും ഫൈനലിസിമയ്ക്കെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് കരുത്തരായ സ്പെയിനാണ്. ഈ മത്സരത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സ്പെയിന്റെ പുത്തൻ താരോദയം ലാമിൻ യമാലും അര്‍ജന്റൈൻ ഇതിഹാസം ലയണല്‍ മെസിയും തമ്മിലുള്ള പോരാട്ടം കാണാനാകും. രണ്ട് തലമുറയിലെ സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം എത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പ്.
യൂറോ കപ്പില്‍ തകര്‍പ്പൻ പ്രകടനം നടത്തിയ താരമാണ് സ്പെയിന്റെ ലാമിൻ യമാല്‍. ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട യമാല്‍ ഒരു ഗോളും നാല് അസിസ്റ്റും സ്വന്തം പേരിലാക്കിയാണ് മടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ സ്പെയിന്റെ ആദ്യ ഗോളിന് വേണ്ടി നിക്കോ വില്യംസിന് അസിസ്റ്റ് നല്കിയതും യമാലായിരുന്നു.
മറുവശത്ത്, കോപ്പ അമേരിക്കയില്‍ ഒരു ഗോളും അസിസ്റ്റുമാണ് മെസി ഇത്തവണ സ്വന്തമാക്കിയത്. പ്രാഥമിക റൗണ്ടില്‍ ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്ടമായി. സെമി ഫൈനലില്‍ കാനഡയ്ക്കെതിരെ ആയിരുന്നു ഈ കോപ്പയിലെ ഏക ഗോള്‍ മെസി നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല