സ്വന്തം ലേഖകൻ: ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഉദ്ഘാടനച്ചടങ്ങിനും ട്രയാത്ലോണ്, മാരത്തണ്‍ നീന്തല്‍ മത്സരങ്ങള്‍ക്കും വേദിയാകേണ്ട പാരിസിലെ സെന്‍ നദിയില്‍ നീന്തി വാക്കുപാലിച്ച് പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ. മലിനമായി കിടന്നിരുന്ന സെന്‍ നദി ഒളിമ്പിക്സിനു മുമ്പ് വൃത്തിയാക്കി മത്സര സജ്ജമാക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പേ ആന്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് തെളിയിക്കുന്നതിനായാണ് മേയര്‍ ബുധനാഴ്ച നദിയില്‍ നീന്തിയത്. സെന്‍ നദി വൃത്തിയാക്കി മത്സര സജ്ജമാക്കാന്‍ സംഘാടകര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് ദിവസങ്ങള്‍ക്കു മുമ്പ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മേയറുടെ ഈ പ്രവൃത്തിയോടെ ആ ആശങ്കയൊഴിഞ്ഞു.
മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന് വിലക്കുള്ള നദിയായിരുന്നു സെന്‍. ഇകോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായതാണ് സെന്‍ നദിയില്‍ നീന്തല്‍ വിലക്കാന്‍ കാരണം. ബുധനാഴ്ച പാരീസിലെ നോട്രെ ഡാം കത്തീഡ്രലിന്റെ അടുത്തുവെച്ചാണ് മേയര്‍ ആന്‍ നദിയില്‍ ഇറങ്ങിയത്. പാരീസ് ഒളിമ്പിക്സ് തലവന്‍ ടോണി എസ്റ്റാന്‍ഗ്വെറ്റും ആനിനൊപ്പം നദിയിലിറങ്ങി.
കഴിഞ്ഞവര്‍ഷം ഇവിടെ നടക്കേണ്ട ട്രയല്‍സ് വെള്ളത്തിന്റെ അപകടാവസ്ഥകാരണം മാറ്റിവെച്ചിരുന്നു. വടക്കന്‍ ഫ്രാന്‍സിലൂടെ ഒഴുകുന്ന സെന്‍ നദിക്ക് 777 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പാരീസ് നഗരത്തിന്റെ മാലിന്യങ്ങളെല്ലാം അടിഞ്ഞുകൂടുന്ന സ്ഥലമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരമായതിനാല്‍ ഇവിടുത്തെ അഴുക്കുചാലുകള്‍ ശാസ്ത്രീയമല്ല. ഇവിടെനിന്നുള്ള മാലിന്യം നേരിട്ടു നദിയിലെത്തും. ഇക്കാരണത്താല്‍ 1923-ല്‍ത്തന്നെ ഇവിടെ നീന്തല്‍ നിരോധിച്ചിരുന്നു. സമീപകാലത്തെ കനത്ത വെള്ളപ്പൊക്കത്തില്‍ നദി കരകവിയുകയുംചെയ്തു.
ഒളിമ്പിക്സിനു മുന്നോടിയായി നദിയെ മാലിന്യമുക്തമാക്കാനും അഴുക്കുചാല്‍ നവീകരണത്തിനുമായി ഏകദേശം 12000 കോടി രൂപയുടെ പദ്ധതി 2018-ല്‍ തുടങ്ങിയിരുന്നു. മാലിന്യം നദിയിലെത്തുന്നതുതടയാനും ജലം ശുദ്ധീകരിക്കാനുമായി കൂറ്റന്‍ ജലസംഭരണിയും പണിതിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല