1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2024

സ്വന്തം ലേഖകൻ: ഇന്ത്യയെ 2030-ഓടെ 42 ലക്ഷം കോടിയുടെ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണ-കയറ്റുമതിയുടെ കേന്ദ്രമാക്കാനും 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയുമായി നീതി ആയോഗ്. രാജ്യത്തെ ഇലക്ട്രോണിക് പവര്‍ ഹൗസ് ആക്കാനുള്ള മാര്‍ഗങ്ങള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ട് നീതി ആയോഗ് സി.ഇ.ഒ. ബി.വി.ആര്‍. സുബ്രഹ്‌മണ്യം വ്യാഴാഴ്ച പുറത്തിറക്കി. വ്യവസായികളും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളുമായി കൂടിയാലോചനകള്‍ നടത്തി, 11 മാസത്തോളമെടുത്ത് നീതി ആയോഗ് ഉപദേശകന്‍ ഇഷ്തിയാഖ് അഹമ്മദാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ പല രാജ്യങ്ങളിലായാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് സി.ഇ.ഒ. സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടി. ഘടക വസ്തുക്കള്‍ പലയിടങ്ങളിലായി നിര്‍മിച്ചശേഷം ഒരിടത്ത് എല്ലാം ഒന്നിച്ചുചേര്‍ക്കുന്ന പ്രക്രിയയാണിപ്പോള്‍ നടക്കുന്നത്. കയറ്റുമതിയുടെ 70 ശതമാനവും ഈ ആഗോള മൂല്യശൃംഖലയിലാണ്. അതിനാല്‍ ഇതിന്റെ ഭാഗമായിത്തീരുകയാണ് വേണ്ടതെന്നും അതിന് മെച്ചപ്പെട്ട രൂപകല്‍പ്പനയും ഗുണമേന്മയുള്ള ഘടക വസ്തു നിര്‍മാണവും സംയോജനവും ഇന്ത്യയില്‍ത്തന്നെയുണ്ടാവാന്‍ പ്രാപ്തമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയുടെ വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ലക്ഷം കോടിയിലെത്തിയിരുന്നു. 2017-ലെ നാലു ലക്ഷം കോടിയില്‍നിന്നാണ് 2023 വര്‍ഷത്തില്‍ എട്ടുലക്ഷം കോടിയായി ഉയര്‍ന്നത്. ഇത് പ്രധാനമായും മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിലാണ്. സ്മാര്‍ട്ട് ഫോണുകളുടെ ആഭ്യന്തര ഉത്പാദനം ഇപ്പോള്‍ 99 ശതമാനമാണെങ്കിലും ഘടക വസ്തുക്കളുടെ നിര്‍മാണം ഉള്‍പ്പെടെ പല രാജ്യങ്ങളിലാണ് നടക്കുന്നത്. ഇന്ത്യയുടെ ആഗോള ഇലക്ട്രോണിക്സ് വിപണി ഇപ്പോഴും നാല് ശതമാനം മാത്രമാണെന്ന് സുബ്രഹ്‌മണ്യം പറഞ്ഞു. രൂപകല്‍പ്പനയും ഘടക നിര്‍മാണവുമടക്കം ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരികയാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്.

2030-ഓടെ പൂര്‍ണമായും നിര്‍മിക്കുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളിലൂടെ 29.4 ലക്ഷം കോടിയും ഘടകങ്ങളുടെ നിര്‍മാണത്തിലൂടെ 12.6 ലക്ഷം കോടിയും വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ 55 മുതല്‍ 60 വരെ ലക്ഷം തൊഴിലുണ്ടാക്കാനാവും. കയറ്റുമതി 20 ലക്ഷം കോടിയാക്കാനും ആഭ്യന്തര മൂല്യവര്‍ധന 35 ശതമാനത്തിലേറെ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ഐ.ടി. മന്ത്രാലയത്തില്‍ നടന്നു കഴിഞ്ഞതായി ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.