സ്വന്തം ലേഖകൻ: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ നടപടികള്‍ മാന്വല്‍ രീതിയിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചെക്ക്- ഇന്‍ നടപടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നെടുമ്പാശ്ശേരിയില്‍നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഇവിടെനിന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെയുള്ള ആഭ്യന്തര സര്‍വീസുകളാണ് വൈകിയത്. സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും തകരാര്‍ പരിഹരിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചതായും സിയാല്‍ അധികൃതര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കൈയ്യക്ഷരത്തില്‍ തയ്യാറാക്കിയ ബോര്‍ഡിങ് പാസാണ് ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കി വരുന്നത്. പേരും യാത്ര ആരംഭിക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബോര്‍ഡിങ് പാസില്‍ എഴുതി നല്‍കുകയാണ്. വിമാനനമ്പര്‍, സീറ്റ് നമ്പര്‍, ബോര്‍ഡിങ് സമയം ഉള്‍പ്പെടെ എഴുതിയാണ് നല്‍കുന്നത്. തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടുവെന്നും പ്രശ്‌നംപരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും വിവിധ വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല