സ്വന്തം ലേഖകൻ: കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നേരിട്ട പ്രതിസന്ധിയെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള ഏതാനും വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കൊച്ചിയില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനം സാധാരണനിലയിൽ ആയിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെയും എയര്‍ഇന്ത്യ എക്സ്പ്രസിന്റെയും ഏതാനും സര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. മൈക്രോസോഫ്റ്റ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം കൊച്ചിയില്‍നിന്നുള്ള 12 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള വിമാനമുള്‍പ്പെടെ എട്ടുസര്വീസുകള് വൈകുകയുംചെയ്തു.
മൈക്രോസോഫ്റ്റിന് സൈബര്‍ സുരക്ഷ നല്കുന്ന പ്ലാറ്റ്ഫോമായ ‘ക്രൗഡ്സ്ട്രൈക്ക്’ പണിമുടക്കിയതോടെയാണ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് നിശ്ചലമായത്. ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ വിവിധമേഖലകളിലെ ഡിജിറ്റല്‍ സേവനങ്ങള്‍ സ്തംഭിച്ചു. ഇന്ത്യന്‍സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-നാണ് യു.എസ്. കമ്പനിയായ ക്രൗഡ് സ്ട്രൈക്ക് സോഫ്റ്റ് വേര് പ്രശ്നത്തില്‍ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് നിശ്ചലമായത്.
വാണിജ്യസ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാവിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടിയുള്ള ക്രൗഡ്സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ചെയ്ത വിന്‍ഡോസ് കംപ്യൂട്ടറുകളാണ് പ്രവര്‍ത്തനരഹിതമായത്. തേഡ് പാര്‍ട്ടി സോഫ്റ്റ്വേറായ ക്രൗഡ് സ്ട്രൈക്കിന്റെ പുതിയ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. മധ്യ അമേരിക്കയിലാണ് തകരാര്‍ ആദ്യം റിപ്പോര്‍ട്ടുചെയ്തത്.
കംപ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ടാവുകയും സാങ്കേതികപ്രശ്നം നേരിടുന്നതായി പറയുന്ന ‘ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത്’ (ബി.എസ്.ഒ.ഡി.) കാണിക്കുകയും ചെയ്യുന്നതായി ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ത്യ, യു.എസ്., ബ്രിട്ടന്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ജര്‍മനി, ജപ്പാന് തുടങ്ങി മിക്കരാജ്യങ്ങളുടെയും വ്യോമയാനമേഖലയെ പ്രശ്നം ബാധിച്ചു. പല വിമാനക്കമ്പനികള്‍ക്കും കൈപ്പടയില്‍ എഴുതി യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസുകളടക്കം നല്‍കേണ്ടിവന്നു.
വിൻഡോസ് തകരാർ മൂലം താറുമാറായ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ചെ മൂന്നുമണി മുതൽ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചെന്ന വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു എക്സിൽ കുറിച്ചു. ‘പുലർച്ചെ മൂന്ന് മണി മുതൽ, എയർലൈൻ സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇന്നലെ തടസ്സങ്ങൾ കാരണം ഒരു ബാക്ക്ലോഗ് ഉണ്ട്, അത് പരിഹരിച്ചു വരികയാണ്. ഉച്ചയോടെ പ്രശ്നം പൂർണ്ണമായി പരിഹരിക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു.
മൈക്രോസോഫ്റ്റ് സേവനങ്ങൾ തകരാറിലായതിന്റെ ആഘാതം ഏറ്റവുമധികം പ്രകടമായത് വ്യോമയാന മേഖലയിലാണ്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവയുൾപ്പെടെ നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും എയർലൈൻ ഓപ്പറേറ്റർമാർ വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഡൽഹി എയർപോർട്ടിൽ 400-ലധികം വിമാനങ്ങൾ വൈകി. 50-ലധികം വിമാനങ്ങൾ റദ്ദാക്കുകയു ചെയ്തു.
ഇൻഡിഗോ 192 വിമാനസർവീസുകൾ റദ്ദാക്കി. മൈക്രോ സോഫ്റ്റ് വിൻഡോസ് പ്രവർത്തനം തടസ്സപ്പെട്ടതോടെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന കമ്പനിയാണ് ഇൻഡിഗോ.വിൻഡോസ് പ്രവർത്തനം തടസപ്പെട്ടതോടെ ആഗോളവ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യമാണ് ഉള്ളത്. ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാനും റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ നൽകാനും സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഇത് തങ്ങളുടെ പരിധിക്ക് അപ്പുറമുള്ള പ്രശ്നമാണെന്നും ഇൻഡിഗോ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല