സ്വന്തം ലേഖകൻ: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ലോറിയടക്കം കാണാതയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. മണ്ണ് നീക്കംചെയ്തുള്ള പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദുരന്തമുണ്ടായ അങ്കോലയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തിയേക്കും.
നേരത്തെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മണ്ണിനടിയില്‍ നാലുമീറ്റര്‍ താഴ്ചവരെ പരിശോധന നടത്താന്‍ ശേഷിയുള്ള റഡാറാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍, അങ്കോലയിലെ സാഹചര്യത്തില്‍ ഇത് രണ്ടരമീറ്റര്‍ വരെ മാത്രമേ സാധ്യമാവുന്നുള്ളൂ. ഇതിനുതന്നെ നിരപ്പായ സ്ഥലം ആവശ്യമാണ്.
എട്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്. അര്‍ജുന്‍ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയില്‍ ചുവപ്പ് മഴമുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് ഇപ്പോഴും വെള്ളംകുത്തിയൊലിച്ച് വരുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല